തെരുവുനായയുടെ അക്രമം: 17 ഓളം പേര്‍ക്ക് പരിക്ക്

Sunday 21 January 2018 10:41 pm IST

 

കണ്ണൂര്‍: കക്കാട്, പുതിയതെരു കൊറ്റാളി ഭാഗങ്ങളിലായി തെരുവ് നായയുടെ പരാക്രമത്തില്‍ നാലരവയസുകാരനടക്കം പതിനേഴോളം പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. 

മുള്ളന്‍പന്നിയുടെ മുള്ള് തലയില്‍ തറച്ചതിനെ തുടര്‍ന്ന് അക്രമാസക്തനായ തെരുവുനായ ശനിയാഴ്ച രാത്രിയോടെയാണ് അക്രമം തുടങ്ങിയത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ അത്തായക്കുന്നിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരന്‍ അലനെ നായ അക്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഗുരുതരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവിടെ നിന്ന് നീങ്ങിയ നായ അത്തായക്കുന്നിലെ കടയില്‍ നിന്ന് ഇറച്ചിയുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഏഴുവയസുകാരി റയാനയുടെ കൈയ്ക്കും കടിച്ച് പരിക്കേല്‍പ്പിച്ചു. കൊറ്റാളി സ്വദേശികളായ സരിത (49), മുസ്തഫ (70), ഷൈലജ (68), രമേശന്‍ (65), മുസമ്മില്‍ (62), കൃഷ്ണന്‍ (75), ജിഷ്ണു (22), ഉഷ (48), പ്രദീപന്‍ (43), ഷാഹിദ (10), ഷംസുദ്ദീന്‍ (55), മുര്‍ഷിദ് (30) തുടങ്ങിയവര്‍ക്കും നായയുടെ കടിയേറ്റു. ഇവരില്‍ പ്രദീപനെയും ജിഷ്ണുവിനെയും ഗുരുതരമായ പരിക്കുകളേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

കടിച്ച നായയെ പുലിമുക്കില്‍ വച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു. കണ്ണൂര്‍ താണയിലും രണ്ട് പേര്‍ക്ക് നായയുടെ കടിയേറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.