ഫെന്‍സിംഗ് നിര്‍മ്മാണം പ്രഹസനം

Monday 22 January 2018 2:00 am IST

കോതമംഗലം: കാട്ടുമൃഗങ്ങളില്‍നിന്ന് ജനങ്ങളുടെ സംരക്ഷണത്തിനായി വനാതിര്‍ത്തിയില്‍ ചെയ്യുന്ന ഫെന്‍സിംഗ് നിര്‍മാണം പ്രഹസനമെന്നാരോപണം. ഫെന്‍സിംഗിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം കാര്യക്ഷമമാക്കാതെ വനംവകുപ്പ് അലംഭാവം കാട്ടുകയാണെന്നാണ് പ്രധാനാരോപണം.

 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മൂന്നുപേരുടെ ജീവനാണ് കാട്ടാനയെടുത്തത്. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട്, കീരമ്പാറ എന്നി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നൂറുകണക്കിന് കര്‍ഷകരുടെ കൃഷി കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നശിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കുമുള്‍പ്പെടെ കര്‍ഷകര്‍ നിരവധി നിവേദനം നല്‍കി. എന്നാല്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. അടുത്തനാളില്‍ വെറ്റിലപ്പാറയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

 

പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് വെറ്റിലപ്പാറ. ഇവിടെയുള്ള കൃഷിയിടങ്ങളില്‍ കഴിഞ്ഞ ഏതാനുംദിവസങ്ങളായി കാട്ടാനക്കൂട്ടം നാശം വിതയ്ക്കുകയാണ്. നൂറിലേറെ വാഴകള്‍, വിളവെടുക്കാറായ വാഴക്കുലകള്‍, പൈനാപ്പിള്‍ എന്നിവ നശിപ്പിച്ചിരുന്നു. 

 

പ്രദേശത്തെ റബര്‍ കര്‍ഷകരേയും ടാപ്പിംഗ് തൊഴിലാളികളേയും കാട്ടാനക്കൂട്ടം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റബര്‍ തോട്ടങ്ങളിലെത്തുന്ന കാട്ടാനകള്‍ നേരം പുലരുന്നതോടെയാണ് വനത്തിലേക്ക് മടങ്ങുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.