രാജിവെക്കുമെന്ന് ഭീഷണി

Monday 22 January 2018 2:51 am IST

ന്യൂദല്‍ഹി: കേന്ദ്ര കമ്മറ്റിയിലെ തിരിച്ചടിയില്‍ അപമാനിതനായി യെച്ചൂരി. ബംഗാള്‍, ത്രിപുര ഘടകങ്ങളെ മുന്‍നിര്‍ത്തി അവസാന നിമിഷം വരെ പൊരുതിയെങ്കിലും കാരാട്ട് പക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് മുന്നില്‍ ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു. പാര്‍ട്ടി പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയെന്നതാണ് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ യെച്ചൂരിക്ക് ലഭിക്കുന്ന വിശേഷണം. വീണ്ടും ജനറല്‍ സെക്രട്ടറിയാകാനുള്ള സാധ്യതയും ഏതാണ്ട് അസ്തമിച്ചു. 

 കാരാട്ട് പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ജനറല്‍ സെക്രട്ടറിയായ യെച്ചൂരി കഴിഞ്ഞ മൂന്ന് വര്‍ഷവും തുടര്‍ച്ചയായ തോല്‍വികളിലൂടെയാണ് കടന്ന് പോയത്. ശക്തരായ കേരള ഘടകത്തെ മുന്‍നിര്‍ത്തിയുള്ള കാരാട്ടിന്റെ കളികള്‍ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനായില്ല. കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്നും വീണ്ടും രാജ്യസഭയിലെത്താനുള്ള മോഹം കാരാട്ട് പക്ഷം വെട്ടിയിരുന്നു. അന്നും കേന്ദ്ര കമ്മറ്റിയിലെ വോട്ടെടുപ്പില്‍ ജനറല്‍ സെക്രട്ടറി പരാജയപ്പെട്ടു. ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 'അമ്പത്തൊന്നാമത്തെ വെട്ടാ'ണ് യച്ചൂരിയെ കാത്തിരിക്കുന്നത്. 

 കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും നിരവധി തവണ ചര്‍ച്ചക്ക് വിധേയമായി പിന്തുണ നേടാതിരുന്ന രാഷ്ട്രീയ ലൈന്‍ വോട്ടെടുപ്പിലെത്തിച്ചതാണ് യെച്ചൂരിക്ക് പറ്റിയ അബദ്ധം.കാരാട്ട് പക്ഷമാ വട്ടെ സമവായത്തിന് ഒരുക്കവുമായിരുന്നില്ല. വോട്ടെടുപ്പ് ഒഴിവാക്കുന്നതിന് കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പരമാവധി ശ്രമിച്ച യെച്ചൂരി രണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ഒന്നുകില്‍ രണ്ട് രേഖയും പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് അയക്കാം. അതല്ലെങ്കില്‍ രണ്ടും സംയോജിപ്പിക്കാം. ഈ നിര്‍ദ്ദേശത്തെ കാരാട്ടിന് വേണ്ടി കേരള ഘടകം ശക്തിയായി എതിര്‍ത്തു. രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് അയക്കുന്നത് തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു രേഖ മതിയെന്നും എതിര്‍പ്പുള്ളവര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അഭിപ്രായം ഉന്നയിക്കാമെന്നും ഇവര്‍ വ്യക്തമാക്കി. 

വോട്ടെുപ്പിലൂടെ തീരുമാനിക്കണമെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാട് ഒടുവില്‍ പിബി അംഗീകരിക്കുകയായിരുന്നു. ഇതോടെ വികാരാധീനനായ യച്ചൂരി തന്റെ രാഷ്ട്രീയ നിലപാട് കേന്ദ്ര കമ്മറ്റി തള്ളിയാല്‍ സ്ഥാനത്ത് തുടരില്ലെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വ്യാഖ്യാനത്തിന് മൂര്‍ച്ചകൂടുമെന്ന് മറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തീരുമാനം കേന്ദ്ര കമ്മറ്റി തള്ളിയതിനെ തുടര്‍ന്ന് നേരത്തെ പി. സുന്ദരയ്യ ജനറല്‍ സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവും രാജിവെച്ചിരുന്നു.

 കേരള ഘടകത്തെയും കാരാട്ടിനെയും രൂക്ഷമായി വിമര്‍ശിച്ച ബംഗാളിലെ പ്രതിനിധികള്‍ യച്ചൂരിയെ പിന്തുണച്ചു. രാജി സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര കമ്മറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്നായിരുന്നു പത്രസമ്മേളനത്തില്‍ യെച്ചൂരിയുടെ മറുപടി. എല്ലാവരും തുല്യരായ പോളിറ്റ് ബ്യൂറോയില്‍ തുല്യരില്‍ പ്രഥമനാണ് ജനറല്‍ സെക്രട്ടറിയെന്നതാണ് പാര്‍ട്ടി തത്വം. ഭൂരിപക്ഷ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായം. ന്യൂനപക്ഷം ഇത് അംഗീകരിക്കണം. രാഷ്ട്രീയ നിലപാട് പാര്‍ട്ടി തള്ളിയതോടെ യെച്ചൂരിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. വലിയ പ്രചാരണമാണ് കാരാട്ട് പക്ഷം പാര്‍ട്ടിക്കുള്ളില്‍ നടത്തിയത്. കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി അടുത്തിടെ യെച്ചൂരി തുറന്നടിച്ചിരുന്നു. വളഞ്ഞിട്ടാക്രമിച്ചെന്നും മാന്യത കാട്ടിയില്ലെന്നും ബംഗാള്‍ ഘടകത്തിനും പരാതിയുണ്ട്. കാരാട്ടിന്റെ കരട് രേഖ യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.