വെന്റിലേറ്റര്‍ തൊപ്പി മാണി സ്വയമെടുത്ത് അണിഞ്ഞതെന്ന് കാനം

Monday 22 January 2018 2:30 am IST

കാട്ടാക്കട: വെന്റിലേറ്റര്‍ തൊപ്പി കെ.എം. മാണി സ്വയമെടുത്ത് അണിഞ്ഞതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്ത്യകൂദാശ കാത്തുകിടക്കുന്ന പാര്‍ട്ടിക്ക് വെന്റിലേറ്ററാകാന്‍ ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് താന്‍ പറഞ്ഞത്. കേരളാ കോണ്‍ഗ്രസിനെ ഉദ്ദേശിച്ചിരുന്നുന്നില്ല. 

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കടയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ കാനത്തിന് മറുപടിയായി ശവക്കുഴിയില്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് മാണി പരിഹസിച്ചിരുന്നു.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണി വികസിപ്പിക്കണമെന്നത് തങ്ങളുടെ നിലപാടാണ്. മുന്നണി വിട്ടുപോയവരെ സ്വാഗതം ചെയ്യുകയും ചെയ്തു. അതിനായി വാതില്‍ തുറന്നെന്നു കരുതി അതിലൂടെ ചാടിക്കയറാനാണ് ചിലര്‍ ശ്രമിക്കുന്നത്. സിപിഐയെ ദുര്‍ബലപ്പെടുത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താമെന്ന ധാരണ ആര്‍ക്കും വേണ്ട. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാകുമ്പോള്‍ തിരുത്താന്‍ സിപിഐ ശ്രമിച്ചിട്ടുണ്ട്. ആ ബോധ്യം അവര്‍ക്കുണ്ടാകണം, കാനം കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയില്‍ പ്രവേശിക്കാന്‍ അപേക്ഷയുമായി പോയിട്ടില്ലെന്നാണ് മാണി പറയുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ വിജയിക്കുമെന്നും അവര്‍ പറയുന്നു. ആത്മവിശ്വാസം നല്ലതാണ്. 1965ല്‍ ഒറ്റയ്ക്ക് നിന്ന് ജയിച്ചിട്ടുണ്ട്. മന്നത്ത് പത്മനാഭനും സംഘവും സഹായിച്ചതിനാലായിരുന്നു ആ വിജയമെന്ന് മാണി മറക്കരുത്. പതിനായിരം രൂപയും ഒരു ജീപ്പും കൊണ്ടു കൊടുത്തിട്ടാണ് മാണി അന്ന് മത്സരിക്കാന്‍ തയ്യാറായതെന്ന് ആര്‍. ബാലകൃഷ്ണപിള്ള പില്‍ക്കാലത്ത് പറഞ്ഞത് ചരിത്രമാണ്. പഴയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ആര്‍ക്കും നന്നാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.