പഠിക്കാന്‍ കുട്ടികളില്ല മഞ്ചേരി ശ്രവണ-സംസാര സ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചു

Sunday 21 January 2018 11:28 pm IST
പയ്യനാട് താമരശ്ശേരിയില്‍ സ്ഥാപിച്ച ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ പ്രീസ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചു. കുട്ടികളുടെ അഭാവമാണ് സ്ഥാപനം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം.

മഞ്ചേരി: പയ്യനാട് താമരശ്ശേരിയില്‍ സ്ഥാപിച്ച ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ പ്രീസ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചു. കുട്ടികളുടെ അഭാവമാണ് സ്ഥാപനം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നുള്ള നിരന്തര ആവശ്യപ്രകാരമാണ് പ്രീ സ്‌കൂള്‍ ആരംഭിച്ചത്. പയ്യനാട് താമരശ്ശേരിയില്‍ നഗരസഭ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സിനായി നിര്‍മ്മിച്ച കെട്ടിടം സ്‌കൂളിനായി മാറ്റുകയായിരുന്നു. 2010 സെപ്തംബര്‍ രണ്ടിന് അന്നത്തെ എംഎല്‍എ പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്ത സ്‌കൂളില്‍ തുടക്കത്തില്‍ പതിനഞ്ചോളം കുട്ടികള്‍ ഉണ്ടായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപികയുടെ ശിക്ഷണത്തില്‍ ഇതിനകം 35ലധികം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി. സ്പീച്ച് തെറാപ്പി, ലിസണിംഗ് തെറാപ്പി, കളറിംഗ്, ബ്ലോക് ഗൈംസ് എന്നിവയാണ് കേന്ദ്രത്തില്‍ നല്‍കുന്നത്. പല കുട്ടികള്‍ക്കും പുരോഗതി ലഭിച്ചെങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോള്‍ രണ്ടു കുട്ടികള്‍ മാത്രമാണുള്ളത്. നഗരസഭാ പരിധിക്കകത്തുള്ള കുട്ടികളെ ഉദ്യേശിച്ചാണ് സ്‌കൂള്‍ ആരംഭിച്ചതെങ്കിലും ഇപ്പോഴുള്ള രണ്ടുകുട്ടികളിലൊരാള്‍ കീഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനത്ത് നിന്നും മറ്റൊരു കുട്ടി പോരൂര്‍ പഞ്ചായത്തിലെ അയനിക്കോട് നിന്നുമാണ് വരുന്നത്. കേന്ദ്രത്തിലെത്തിപ്പെടാനുള്ള പ്രയാസമാണ് കുട്ടികള്‍ കുറയാനിടയാക്കിയ കാരണങ്ങളിലൊന്ന്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഞ്ചേരി ടൗണിലെത്തിയതിന് ശേഷം മറ്റൊരു ബസ്സില്‍ കയറി വേണം പയ്യനാട് താമരശ്ശേരിയിലെ കേന്ദ്രത്തിലെത്താന്‍. രാവിലെ 10.30 മുതല്‍ 3.30 വരെയാണ് സ്‌കൂള്‍ സമയം. വീട്ടില്‍ പോയി തിരിച്ചുവരാനുള്ള പ്രയാസം മൂലം രക്ഷിതാക്കള്‍ ഈ സമയമത്രയും സ്‌കൂളില്‍ ഇരിക്കുകയാണ്. സ്‌കൂള്‍ നഗരത്തിലേക്ക് മാറ്റുന്നപക്ഷം ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ശ്രവണ-സംസാര വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് മാത്രമായി സ്‌കൂള്‍ ചുരുങ്ങിയതും അംഗസംഖ്യ കുറയാനിടയാക്കി. മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള കുട്ടികള്‍ക്കു കൂടി പരിശീലനം നല്‍കാനുള്ള സംവിധാനമൊരുക്കുന്ന പക്ഷം സ്‌കൂള്‍ നിരവധി പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് അദ്ധ്യാപികയായ അഞ്ജലി പറഞ്ഞു. എട്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അതിന് ശേഷം സ്‌കൂളിലയക്കണമെന്നാണ് ചട്ടം.

2017 മാര്‍ച്ചിന് ശേഷം അദ്ധ്യാപികക്ക് വേതനം ലഭിച്ചിട്ടില്ല. പ്രതിദിനം 400 രൂപയാണ് നിശ്ചയിച്ച വേതനം. ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള ശമ്പളം ഇന്നലെ ട്രഷറിയില്‍ അടച്ചതായി മുനിസിപ്പല്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഖമറുന്നീസ പറഞ്ഞു. സ്ഥാപനം നേരിടുന്ന പ്രശ്‌നങ്ങളും പരിമിതികളും പരിഹാര മാര്‍ഗ്ഗങ്ങളും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറിക്ക് അയച്ചതായും അവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.