ഗോവന്‍ ഷോക്ക്

Sunday 21 January 2018 11:29 pm IST

കൊച്ചി: ഗോവയോട് പകരം വീട്ടാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തിലുും തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു. ഗോവയില്‍   ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-2ന് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത എഫ്‌സി ഗോവ കൊച്ചിയിലും മേധാവിത്തം നിലനിര്‍ത്തുകയായിരുന്നു. ഗോവക്കായി കൊറോമിനാസും എഡു ബെഡിയയും ലക്ഷ്യം കണ്ടപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസം സി.കെ. വിനീത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്നത് ഗോവയയായിരുന്നു. കളിയുടെ 70 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയത് ഗോവന്‍ താരങ്ങളായിരുന്നു. ഇന്നലെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയത് ഈ സീസണിലെ ഏറ്റവും കുറവ് കാണികള്‍. 29,769 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെ കളികാണാനെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാണികളെ ഗ്യാലറിയില്‍ നിന്നും അകറ്റുന്നത്. വിജയത്തോടെ 10 കളികളില്‍ നിന്ന് 19 പോയിന്റുമായി ഗോവ നാലാം സ്ഥാനത്ത് തുടരുന്നു.

ജംഷഡ്പൂരിനോട് തോറ്റ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ്  കളത്തിലെത്തിയത്. സാമുല്‍ ഷഡാപ്, പരിക്കേറ്റ കെസിറോണ്‍ കിസിറ്റോ, കിരണ്‍ സ്വാഹ്‌നി എന്നിവര്‍ പുറത്തിരുന്നപ്പോള്‍  പകരമെത്തിയത് സിയാം ഹംഗല്‍, ജാക്കിചന്ദ് സിങ്, റിനോ ആന്റോ എന്നിവര്‍. കഴിഞ്ഞ തവണ 4-4-2 ശൈലിയില്‍ കളത്തിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ മൈതാനത്ത് വിന്യസിപ്പിക്കപ്പെട്ടത് ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന 4-2-3 -1ശൈലിയില്‍. സ്‌ട്രൈക്കറായി ഹ്യൂമിനെ നിലനിര്‍ത്തിയപ്പോള്‍ വിനീതും ജാക്കിചന്ദും പെക്കൂസണും തൊട്ടുപിന്നില്‍ നിരന്നു. പ്രതിരോധത്തില്‍ ജിംഗാനൊപ്പം റിനോ ആന്റോ, വെസ് ബ്രൗണ്‍, ലാല്‍റുവാതാര എന്നിവര്‍. ഇവര്‍ക്ക്് തൊട്ടുമുന്നില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി മിലന്‍ സിംഗും സിയാം ഹംഗലു നിലയുറപ്പിച്ചു. മറുവശത്ത് ഗോവ ഒരു മാറ്റമാണ് വരുത്തിയത്. പരിക്കേറ്റ പ്രതിരോധനിര താരം ബ്രൂണോ പെനീറോക്ക് പകരം സ്പാനിഷ് താരം സെര്‍ജിയോ മാരിന്‍ കളത്തിലെത്തി. കൊറോമിനാസിനെ സ്‌ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണ്  എഫ്‌സി ഗോവ കളത്തിലെത്തിയത്.

 മൂന്നാം മിനിറ്റില്‍  വിനീതിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക്  ഭീഷണി ഉയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. തൊട്ടടുത്ത മിനിറ്റില്‍ ഗോവ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. ലാന്‍സറോട്ടെ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ടാണ് ബാറില്‍ത്തട്ടി മടങ്ങിയത്. 7-ാം മിനിറ്റില്‍ മഞ്ഞപ്പടയെ നിരാശയിലാഴ്ത്തി ഗോവ ലീഡ് നേടി. മന്ദര്‍റാവു ദേശായിയുടെ പാസില്‍ നിന്ന് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സൂപ്പര്‍താരം കൊറോമിനാസ് നല്ലൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് ഗോളി പോള്‍ റെച്ചൂബ്കക്ക് ഒന്നും ചെയ്യാനായില്ല.  സീസണില്‍ കൊറോയുടെ 10-ാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ്  മുന്നേറ്റം നടത്തിയെങ്കിലും വിനീത് ഓഫ് സൈഡായി. 11-ാ മിനിറ്റില്‍ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട് ആദ്യ ശ്രമത്തില്‍ കയ്യിലൊതുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിക്ക് കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം ശ്രമത്തില്‍ പിടിച്ച് റെച്ചൂബ്ക അപകടം ഒഴിവാക്കി. 21-ാം മിനിറ്റില്‍ ഗോവക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ലാന്‍സറോട്ട തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് കൊറോമിനാസിന്. ബോക്‌സിനുള്ളില്‍ വച്ച് പന്ത് ലഭിച്ച കൊറോ അത്    ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന് മറിച്ചു. എന്നാല്‍  ഫെര്‍ണാണ്ടസിന്റെ   ഷോട്ട് കോര്‍ണറിന്    വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തി. 26-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും ക്രോസ്ബാര്‍ വിലങ്ങുതടിയായി. സിയാം ഹംഗല്‍ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ടാണ് ക്രോസ്ബാറില്‍ത്തട്ടി പുറത്തായത്. മൂന്ന് മിനിറ്റിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. ഗോവ ഗോളി കാട്ടിമണി ക്ലിയര്‍ ചെയ്ത പന്ത് സിയാം ഹംഗല്‍ ഹെഡ്ഡറിലൂടെ ഗോവ ബോക്‌സിലേക്ക് മറിച്ചു നല്‍കിയത് ഓടിപ്പിടിച്ച വിനീത് രണ്ട് പ്രതിരോധനിരതാരങ്ങള്‍ക്കിടയിലൂടെ പായിച്ച വലംകാലന്‍ ഷോട്ട് വലയില്‍ കയറുകയായിരുന്നു (1-0). 36-ാം മിനിറ്റില്‍ പരിക്കേറ്റ റിനോ ആന്റോക്ക് പകരം ബ്ലാസ്‌റ്റേഴ്‌ന് നിരയില്‍ നെമഞ്ജ പെസിച്ച് ഇറങ്ങി. 41-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക്. എന്നാല്‍ ഇയാന്‍ ഹ്യൂം എടുത്ത കിക്ക് നേരെ ഗോവ ഗോളി   കാട്ടിമണിയുടെ കയ്യിലേക്ക്. ഇതിനിടെ കളി പലതവണ പരുക്കനായി മാറി. ആദ്യപകുതിയില്‍ തന്നെ റഫറി മൂന്ന് തവണ  മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, ഗോവയുടെ ലാന്‍സറോട്ടെ എന്നിവര്‍ക്കാണ് ബുക്കിങ് ലഭിച്ചത്.  ആദ്യപകുതി 1-1ന് സമനിലയില്‍.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്ന് ഉണര്‍ന്നു. ഗോവയുടെ മുന്നേറ്റങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രത്യാക്രമണം കൊണ്ട് മറുപടി നല്‍കാന്‍ ഹ്യുമും കൂട്ടരും ശ്രമിച്ചതോടെ കളി ആവേശകരമായി. ലാന്‍സറോട്ടയും കൊറാമിനാസും ഫെര്‍ണാണ്ടസും എണ്ണയിട്ടയന്ത്രം കണക്കെ പന്ത് കൊടുത്തും വാങ്ങിയും മുന്നേറിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പലതവണ പരീക്ഷിക്കപ്പെട്ടു. മറുവശത്ത് ഹ്യൂമും വിനീതും പെക്കൂസണും ചേര്‍ന്ന് ഗോവന്‍ പ്രതിരോധത്തെയും പല തവണ കീറിമുറിച്ചു. 52-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരം. ജിംഗാന്‍ തലകൊണ്ട് ചെത്തിയിട്ട പന്ത് വിനീതിന്. എന്നാല്‍ വിനീതിന്റെ ഷോട്ട് ദുര്‍ബലമായതോടെ കാട്ടിമണി അനായാസം രക്ഷപ്പെടുത്തി. 64-ാം മിനിറ്റില്‍ ജാക്കിചന്ദ് നല്‍കിയ ക്രോസ് സിസര്‍ കട്ടിലൂടെ വിനീത് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം കനപ്പിച്ചതോടെ ഗോവ പലപ്പോഴും പ്രതിരോധത്തിലേക്ക് വലിഞ്ഞു. 66-ാ മിനിറ്റില്‍ മറ്റൊരു അവസരം ലഭിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാനായില്ല. 74-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ലാന്‍സറോട്ടെ കൊറോയെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദേശ് ജിംഗാന് പിഴച്ചെങ്കിലും റെച്ചൂബ്ക വീണുകിടന്ന് പന്ത് കൈപ്പിടിയിലൊതുക്കി. തൊട്ടുപിന്നാലെ മിലന്‍ സിങിനെ തിരിച്ചുവിളിച്ച് മലയാളി താരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലെത്തിച്ചു. 77-ാം മിനിറ്റില്‍ മഞ്ഞപ്പടയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് ഗോവ ലീഡ് നേടി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍കിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ എഡു ബെഡിയ വലയിലെത്തിച്ചു (2-1). ലീഡ് വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ താളം നഷ്ടമായി. പിന്നീട് ഹ്യൂമിന് പകരം സിഫ്‌നിയോസ് കളത്തിലെത്തിയെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. 27ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ദല്‍ഹി ഡൈനാമോസാണ് ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികള്‍. പരാജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 11 കളികളില്‍ നിന്ന് 14പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് വീണു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.