ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കും

Monday 22 January 2018 2:51 am IST

പേരാവൂര്‍(കണ്ണൂര്‍): കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് സംഘം ഇന്ന് കൂത്തുപറമ്പ് കോടതിയില്‍ ഹര്‍ജി നല്‍കും. കഴിഞ്ഞ ദിവസം വയനാട്ടിലെ തലപ്പുഴയില്‍ അറസ്റ്റിലായ കേസിലെ മുഴക്കുന്ന് പുത്തന്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് (20), മുഴക്കുന്ന് പാറക്കണ്ടം ഹംസയുടെ മകന്‍ സലിം (26), നീര്‍വ്വേലി അളകാപൂരിയിലെ അബ്ദുള്‍ റഹ്മാന്റെ മകന്‍ അമീര്‍ (25), കീഴല്ലൂരിലെ തെക്കയില്‍ വീട്ടില്‍ ഷംസുദ്ദീന്റെ മകന്‍ ഷഹീം (39) എന്നിവരെ ശനിയാഴ്ച കോടതി റിമാന്‍ഡ്് ചെയ്തിരുന്നു. 

കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചനയുള്‍പ്പെടെ പുറത്തു കൊണ്ടുവരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊലപ്പെട്ട ശ്യാംപ്രസാദിന്റെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ പോലീസ് സംഘം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ശേഖരിച്ചു. 

 കൂത്തുപറമ്പ് കണ്ണവം 17-ാം മൈലിലെ ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.വി. ശ്യാംപ്രസാദിനെ ബൈക്കില്‍ സഞ്ചരിക്കവെ വെളളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നിടുംപൊയില്‍ കൊമ്മേരിയില്‍വെച്ച് വാഹനം ഇടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ഉന്നതതല ഗൂഢാലോചന നടന്നതായി സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സംഭവത്തിന് ഏതാനും ദിവസം മുമ്പ് രണ്ട് സംഘടനകളുടേയും സംസ്ഥാന-ജില്ലാ നേതാക്കള്‍ കണ്ണവത്തെത്തി രഹസ്യയോഗം ചേര്‍ന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപാതകത്തിന് ചുമതലപ്പെടുത്തുകയായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചതായ് അറിയുന്നു. പിടിയിലായ പ്രതികള്‍ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസും സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരും നല്‍കുന്ന സൂചന. പേരാവൂര്‍ സിഐ എ. കുട്ടികൃഷ്ണനാണ് അന്വേഷണത്തിന്റെ ചുമതല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.