അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം ഇന്ത്യ തിരിച്ചടിക്കുന്നു

Monday 22 January 2018 2:51 am IST

ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിവെയ്പ്പിനും ഷെല്ലാക്രമണത്തിനും ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കുന്നു. പ്രത്യാക്രമണത്തില്‍ നിരവധി പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ ആക്രമണത്തില്‍ ആറ്  പേര്‍ കൊല്ലപ്പെട്ടതായി പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. 

നിയന്ത്രണരേഖയ്ക്കു സമീപമുള്ള ജമ്മു, കത്‌വ, സാംബ, പൂഞ്ച്, രജൗരി ജില്ലകളിലാണ് കഴിഞ്ഞ നാലു ദിവസമായി പാക്‌സൈന്യം പ്രകോപനമില്ലാതെ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. മോട്ടോര്‍ഷെല്ലാക്രമണവും നടത്തി. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി.സിംഗിനെ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചത്. ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ജെ.പി.സിംഗിനെ വിളിച്ചുവരുത്തുന്നത്.

ഇതിനിടെ കഴിഞ്ഞദിവസം പാക് ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു. ഉത്തര്‍പ്രദേശ് ചന്ദൗലി ജില്ലയില്‍ നടേശര്‍ വില്ലേജില്‍ ചന്ദന്‍കുമാര്‍ റായി (25) ആണ് മരണത്തിനു കീഴടങ്ങിയത്. പൂഞ്ചിലെ മെന്ദര്‍ സെക്ടറില്‍ ശനിയാഴ്ച വൈകിട്ട് 4.30 ന് നടന്ന ആക്രമണത്തിലാണ് ചന്ദന്‍കുമാര്‍റായിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. മൂന്ന് സൈനികരും രണ്ട് ബിഎസ്എഫ് ജവാന്മാരും ആറ് ഗ്രാമീണരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.