ബജറ്റ് അവതരണത്തിലെ കൈയാങ്കളി; കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

Monday 22 January 2018 2:50 am IST

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാനായി നിയമസഭയില്‍ നടത്തിയ കൈയാങ്കളിയുടെ പേരിലെടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ലോകത്തിന് മുന്നില്‍ കേരളത്തെ നാണംകെടുത്തിയ സംഭവമായിരുന്നു അത്. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തിന്റെ കൈയാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിയമസഭയില്‍ ഉണ്ടായത്.

2015 മാര്‍ച്ച് 13ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ കൈയാങ്കളിയാണ് ലക്ഷങ്ങളുടെ നാശനഷ്ടത്തില്‍ അവസാനിച്ചത്. ഈ കേസാണ് ഇപ്പോള്‍ ഒത്തു തീര്‍പ്പാക്കാന്‍ ഒരുങ്ങുന്നത്. മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ ആറ് സിപിഎം എംഎല്‍എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയും ചെയ്തിരുന്നു.

അക്രമത്തിന് നേതൃത്വം നല്‍കിയ വി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി. ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി. ജലീല്‍, സി.കെ. സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചു പോയതാണ്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്. അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. അതേസമയം സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ കേസ് തീര്‍പ്പാകുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.