10 വര്‍ഷത്തെ യുപിഎ ഭരണവും മൂന്നര വര്‍ഷവുമായി താരതമ്യം ചെയ്യൂ: മോദി

Sunday 21 January 2018 11:59 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ നല്‍കിയ ടിവി അഭിമുഖം ടൈംസ് നൗ ചാനലിനായിരുന്നു. അഭിമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍

ലോകം പറയുന്നു ഇന്ത്യ ഇന്ന് ഭാവിയുടെ കേന്ദ്രമാണെന്ന്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷംവും ഈ സര്‍ക്കാരിന്റെ മൂന്നര വര്‍ഷവും തമ്മില്‍ താരതമ്യ പഠനം നടത്തണമെന്നാണ് എന്റെ അഭിപ്രായം, പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച:  മൂന്നു വര്‍ഷമായി ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്ന് നമ്മെ നോക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ച 2013-2014 ല്‍ അഞ്ചു ശതമാനമായിരുന്നു. ഇന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം 30 ദശലക്ഷം ഡോളറില്‍നിന്ന് 62 ദശലക്ഷം ഡോളറിലെത്തി. ഇതിനു കാരണം ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ വിശ്വാസ്യത കൂടിയതിനാലാണ്. 

മിന്നും താരം: സര്‍ക്കാരിന്റെ സാമ്പത്തിക നയം ശുഭ സൂചനയും പ്രതീക്ഷയും ചേര്‍ന്ന മിന്നുംതാരമാണിന്ന്. ഇത് വലിയ കാര്യമാണെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഐഎംഎഫ്, ലോകബാങ്ക്ഏ മൂഡി, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍, രാഷ്ട്രീയവും ലോകകാര്യങ്ങളും സംബന്ധിച്ച് എഴുതുന്നവര്‍ തുടങ്ങി എല്ലാവരും സര്‍ക്കാര്‍ നടപടികളെ പ്രശംസിക്കുന്നു. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഓരോ ഘട്ടത്തിലും ജനങ്ങള്‍ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു, അതാണ് എന്റെ വലിയ നേട്ടവും സമ്പത്തും.

 എനിക്ക് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ സമ്മത പത്രവും ബഹുമതിയും.

ജിഎസ്ടി: ജിഎസ്ടി രാജ്യത്തിന്റെ വമ്പിച്ച നേട്ടമാണ്. ഒറ്റ രാജ്യം ഒറ്റ നികുതി. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തി, റിസര്‍വ് ബാങ്കിന്റെ ഉത്തരവദിത്തം പോലും പുനര്‍നിര്‍വചിച്ചു. 

- ഏഴുവര്‍ഷം ചര്‍ച്ച ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്താണ് ജിഎസ്ടി നിയമമാക്കിയത്് ഇത്ര ദുര്‍ഘമായി ചര്‍ച്ച ചെയ്ത വിഷയം വേറെ ഇല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ പൊതുവേദിയില്‍ വിമര്‍ശിക്കുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്. 

-ജിഎസ്ടിപാസാക്കിയത് എല്ലാ പാര്‍ട്ടിക്കാരും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളും ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍ എടുക്കുന്ന തീരുമാനമാണ് നടപ്പിലാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ ഉത്തരവാദിത്തമാണ്. കൗണ്‍സിലില്‍ ഒന്നിച്ച് തീരുമാനിച്ച്, കളിച്ച് ചിരിച്ച് പിരിയുകയും പുറത്തിറങ്ങി നേരേ എതിരുപറയുകയുമാണ് പലരും. അവരങ്ങനെ ചെയ്യട്ടെ. ആദ്യമൊക്കെ ഏത് പുതിയ സംവിധാനത്തിനും ചില പോരായ്മകള്‍ ഉണ്ടാകും. അത് നികത്തും. 

അവസരമുള്ള രാജ്യം: ഇന്ത്യ ഇന്ന് ഏറ്റവും അവസരമുള്ള രാജ്യമാണ്. ഇന്ത്യ ഇടപാടുകള്‍ എളുപ്പമായ രാജ്യങ്ങളുടെ പട്ടികയില്‍ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തെത്തി. ഇതുതന്നെ വികസനത്തിന്റെ കുതിച്ചു ചാട്ടമാണ്. 

- ഇന്ത്യയുടെ ശരിയായ മുഖം ഞാന്‍ ലോകത്തെ ധരിപ്പിക്കും, ഇന്ത്യയുടെ യഥാര്‍ത്ഥ കരുത്ത് അറിയിക്കും. 

- ഇടപാടുകള്‍ എളുപ്പമാക്കുകമാത്രമല്ല ലക്ഷ്യം, ജനങ്ങളുടെ ജീവിതം സുകരമാക്കാനാണ് ഞാന്‍ നോക്കുന്നത്. ഇതിനായി ഉജ്ജ്വല പദ്ധതിപ്രകാരം 3.3 കോടി കുടുംബങ്ങള്‍ക്കാണ് പാചകവാതകം ലഭ്യമാക്കിയത്. 

കോണ്‍ഗ്രസ്മുക്ത ഭാരതം: ആ മുദ്രാവാക്യം എല്ലായിടത്തുമെത്തിയെങ്കിലും അതിന്റെ പിന്നിലെ വികാരം വേണ്ടരീതയില്‍ പരന്നിട്ടില്ല. 

- ഞാന്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയല്ല. കോണ്‍ഗ്രസുകാര്‍പോലും കോണ്‍ഗ്രസ് സംസ്‌കാരത്തിനെ ഇല്ലാതാക്കണമെന്നാണ് ഉദ്ദേശിച്ചത്. അതായത് പണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമായിരുന്നു. അതില്‍ ജാതിയും മതവും കോഴയും അഴിമതിതയും അധികാരമോഹവും വന്ന് മറ്റൊരു രാഷ്ട്രീയ സംസ്‌കാരമായി. അത് ആകെ രാഷ്ട്രീയത്തിന് ദോഷമായി. ആ സംസ്‌കാരം മാറണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

പ്രതിപക്ഷത്തിന് ആശംസ: - പ്രതിപക്ഷം മോദിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ പല ശ്രമങ്ങള്‍ നടത്തുന്നു. ഞാനവര്‍ക്ക് നന്മനേരുന്നു, അവരാണ് ഞാനിന്ന് ഈ പദവിയിലെത്താന്‍ ഏറെ സഹായിച്ചിട്ടുള്ളത്.

തൊഴില്‍ വര്‍ദ്ധിച്ചു: തൊഴില്‍ വര്‍ദ്ധിച്ചു. ഇല്ലെന്നു പറയുന്നത് കാണാത്തതുകൊണ്ടല്ല. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടുണ്ട്. അതില്‍ പറയുന്നു, ഇപിഎഫില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടിയെന്ന്. അതിന്റെ അര്‍ത്ഥം എന്താണ്. റെയില്‍വേപാള നിര്‍മ്മാണത്തോത് ഇരട്ടിച്ചു. രാജ്യത്തെ വൈദ്യുതീകരണം വര്‍ദ്ധിച്ചു. ഇതൊക്കെ തൊഴില്‍ വര്‍ദ്ധിക്കാതെ സാധിക്കുമോ? മുദ്രാബാങ്ക് ലോണ്‍ 10 കോടിയിലെത്തി. അതില്‍ മൂന്നു കോടി പേര്‍ ആദ്യമായാണ് ബാങ്ക് വായ്പ നേടുന്നത്.

ഒന്നിച്ച് തെരഞ്ഞെടുപ്പ്: ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തിയാല്‍ ആ വഴിക്കുള്ള ചെലവ് വന്‍തോതില്‍ കുറയ്ക്കാം. ഇന്ത്യന്‍ ജനാധിപത്യം അതിനു പാകം വന്നതാണ്. പഠിച്ചവര്‍ക്കും പഠിപ്പില്ലാത്തവര്‍ക്കും ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. 1967 ന് മുമ്പ് ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തിയിട്ടുണ്ട്.

- ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിച്ചാല്‍ ഇപ്പോള്‍ കിട്ടുന്ന മാന്യത വിദേശ യാത്ര നടത്തുന്നവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. 

മാനുഷികത: മാനുഷികത ഇന്ന് അപകടത്തിലാണ്. മാനുഷികതയുടെ സംരഷക്ഷണമാണ് ഏറ്റവും പ്രധാനം. അതില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ച് ശക്തിപ്പെടേണ്ടതുണ്ട്.

കര്‍ഷകര്‍: നമ്മുടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.

കശ്മീര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അത് തുടരും.

ഇസ്രയേല്‍: ഇന്ത്യന്‍ സര്‍ക്കാരിനെ ഇത്രയേറെ പുകഴ്ത്തിയതിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും ചിലതൊക്കെ നല്ലത് പറഞ്ഞു, അതിനും നന്ദിയുണ്ട്. 

മുത്തലാഖ്: ഇസ്ലാമിക രാജ്യങ്ങള്‍ പോലുമേറെ മാറി. അവരുടെ നിയമങ്ങള്‍ മാറ്റി. കോണ്‍ഗ്രസും വോട്ടുബാങക് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന മറ്റ് പാര്‍ട്ടികളും അവരുടെ പിന്തിരിപ്പന്‍ മനസ്ഥിതിവിട്ട്, സ്ത്രീശാക്തീകരണത്തെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകണം.

സുപ്രീം കോടതി വിവാദം: ഈ വിഷയത്തില്‍നിന്ന് ഞാന്‍ വിട്ടു നില്‍ക്കണമെന്നാഗ്രഹിക്കുന്നു. സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും അകന്നു നിലക്കണം. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ കഴിവുറ്റവരാണുള്ളത്. അവര്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. എനിക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ നല്ല വിശ്വാസമുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കും.

വിദേശനയം: ഇന്ത്യയുടെ വിദേശനയം ഒരു രാജ്യത്തെ കേന്ദ്രീകരിച്ചല്ല. അത് വിഷയങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ്. ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ലോകമെമ്പാടും ഇന്ത്യപ്രവര്‍ത്തിക്കുന്നുവെന്ന് ചിന്തിക്കുന്നെങ്കില്‍ അതു തെറ്റാണ്. ഇതല്ല നമ്മുടെ ജോലി. ലോകം ഇന്ന് ഭീകരതയുടെ പിടിയിലാണ്. ഭീകരതയോട് ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരേ ലോകം ഒന്നിക്കും. പ്രസിഡന്റ് ട്രംപ് ഭീകരതയ്ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തി, അതില്‍ ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നു.

ജനങ്ങള്‍ക്കുവേണ്ടി: ഞാനൊരിക്കലും എന്റെ സമയപട്ടികയെ തെരഞ്ഞെടുപ്പു കാലക്രമവുമായി ബന്ധിപ്പിക്കാറില്ല. എന്റെ പ്രയത്നം സാധാരണക്കാരനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതിനാണ് ഞാന്‍ സമയപ്പിട്ടിക സൂക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.