അഭയ കേസ് : തെളിവ് നശിപ്പിച്ചതിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

Monday 22 January 2018 11:33 am IST

തിരുവനന്തപുരം: അഭയ കേസില്‍ തൊണ്ടിമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം‌ബ്രാഞ്ച് മുന്‍ എസ്‌പി കെ.ടി മൈക്കിളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാലാം പ്രതിയാണ് ഇയാള്‍.

ആരോപണവിധേയരായ മറ്റുള്ളവരെ വെറുതെവിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കേസില്‍ തെളിവുകള്‍ നശിപ്പിച്ച്‌ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി കൊടുത്തു എന്നാരോപിച്ച്‌ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള മൈക്കിളിന്റെ ഹര്‍ജി തള്ളി. തൊണ്ടി മുതല്‍ നശിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി വാദത്തിനിടയില്‍ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീവരെ പ്രതികളാക്കി 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.

തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അഡീഷണല്‍ എസ്‌ഐയായ വിവി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ സാമുവല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച്‌ 27നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.