ജസ്റ്റിസ് ലോയ: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

Monday 22 January 2018 1:57 pm IST

ന്യൂദല്‍ഹി: സിബിഐ ജഡ്ജി ബി.എച്ച്‌ ലോയയുടെ മരണം സംബന്ധിച്ച എല്ലാ കേസുകളും സുപ്രീം കോടതി പരിഗണിക്കും. ബോംബെ, നാഗ്‌പൂര്‍ ഹൈക്കോടതികളിലെ കേസുകളാണ്   സുപ്രീം കോടതിയ്ക്ക് വിട്ടത്. പ്രത്യേക അന്വേഷണം വേണ്ടെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും. ലോയ കേസ് സംബന്ധിച്ച്‌ പത്ര റിപ്പോര്‍ട്ട് മാത്രമല്ല, മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കമുള്ള മറ്റ് രേഖകളും പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനവാലയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നവരുടെ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ജനുവരി 16 ന് ഹര്‍ജി പരിഗണിച്ച ശേഷം അരുണ്‍ മിശ്ര കേസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വന്നത്. ജനുവരി 16 ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മുന്‍നിര്‍ദേശപ്രകാരം ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണരേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.

 

രേഖകള്‍ അതീവരഹസ്യസ്വഭാവം ഉള്ളതാണെന്നും പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരസ്യപ്പെടുത്താന്‍ അനുയോജ്യമായ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണം എന്ന് ജസ്റ്റിസ് മശ്രയുടെ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്നാണ് മിശ്ര കേസില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.