സാം എബ്രഹാമിന് ജന്മനാട് വിട നല്‍കി

Monday 22 January 2018 5:07 pm IST

മാവേലിക്കര: ജമ്മുവില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ മാവേലിക്കരയില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.

രാവിലെ ഒന്‍പതരയോടെ സാം എബ്രഹാമിന്റെ ഭൗതിക ശരീരം ജന്മനാടായ മാവേലിക്കരയില്‍ എത്തിച്ചു. തുടര്‍ന്ന് സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ പൊതുദര്‍ശനത്തിനു ശേഷം 12 മണിയോടെ മൃതദേഹം വിലാപയാത്രയായി പുന്നമൂട്ടിലെ വസതിയില്‍ എത്തിച്ചു. 

മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചക്ക് 2.30ന് പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്കാര ശിശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

സാം എബ്രഹാമിനോടുള്ള ആദര സൂചകമായി മാവേലിക്കരയില്‍ തിങ്കളാഴ്ച കടകമ്പോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. നിയന്ത്രണ രേഖ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ്  ആറാം മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് സാം എബ്രഹാം വീരചരമം പ്രാപിച്ചത്. എബ്രഹാംജോണ്‍- സാറാമ്മ ദമ്പതികളുടെ മകനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.