ജീവനക്കാരെ മര്‍ദ്ദിച്ചയാളെ സംരക്ഷിക്കുന്നു: എന്‍ജിഒ സംഘ്

Tuesday 23 January 2018 2:00 am IST

 

കാട്ടാക്കട: ബില്‍ഡിംഗ് ടാക്‌സ് പിരിക്കാന്‍ എത്തിയ കുളത്തുമ്മല്‍ വില്ലേജ് ഓഫീസര്‍ എബനേസറിനെയും വില്ലേജ് അസിസ്റ്റന്റ് രതീഷിനെയും മര്‍ദിച്ച പ്രതിയെ ചില രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. കാട്ടാക്കട താലൂക്ക് ഓഫീസിലേക്ക് ജീവനക്കാര്‍ നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ച കിള്ളി ബര്‍മറോഡില്‍ ഷഹ്റുദീനെ സംഭവം നടന്നു രണ്ടുദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തത് പോലീസിനുമേല്‍ രാഷ്ട്രീയസമ്മര്‍ദം ഉള്ളതിനാലാണ്. ഇത് സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോബലം കെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടാക്കട താലൂക്ക് ഓഫീസിലെ ജീവനക്കാര്‍  ഉള്‍പ്പടെ താലൂക്കിലെ  പതിമൂന്നു വില്ലേജിലെയും ജീവനക്കാരുടെ സംയുക്ത യൂണിയന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ.

ഇന്നലെ രാവിലെ 11ന് പ്രകടനം കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ആഫീസിന് മുന്നില്‍ നിന്നാരംഭിച്ചു. തുടര്‍ന്ന് കാട്ടാക്കട താലൂക്ക് ഓഫീസിനു മുന്നില്‍ എത്തി. ധര്‍ണയില്‍ വിവിധ യൂണിയനുകളുടെ സംസ്ഥാനനേതാക്കള്‍ സംസാരിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഒറ്റതവണ ബില്‍ഡിംഗ് നികുതി ഈടാക്കല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് വില്ലേജാഫീസറും സഹായിയും ഷഹ്‌റുദീന്റെ പുതിയ വീട്ടില്‍ എത്തിയത്. ഇയാള്‍ പുതുതായി നിര്‍മിച്ച ഗോഡൗണ്‍ അളന്നശേഷം വീട് അളക്കുമ്പോഴാണ് ഉടമ ക്ഷോഭിച്ച് വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനെയും അകാരണമായി മര്‍ദ്ദിക്കുകയും കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തത്. ഇതിനിടെ  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന വില്ലേജ് അസ്സിസ്റ്റന്റിനെയും മര്‍ദിച്ചു. ഇരുവരും ചികിത്സയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.