ഗവര്‍ണറെകൊണ്ട് നുണ പറയിപ്പിക്കാന്‍ ശ്രമിച്ചു

Monday 22 January 2018 6:22 pm IST

തിരുവനന്തപുരം: പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

മുന്‍ ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തെകൊണ്ട് നുണ പറയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ അഞ്ചാംപേജില്‍ അടിസ്ഥാനരഹിതമായ കേന്ദ്രവിരോധമാണ്.  അതുകൊണ്ടുതന്നെയാവണം ഗവര്‍ണര്‍ വായിക്കാതെ അത് ഒഴിവാക്കിയത്. അത്  അപരാധമായി ചിലര്‍ കൊട്ടിഘോഷിക്കുകയാണ്. സര്‍ക്കാരിന്റെ  പ്രസംഗങ്ങളില്‍ ചിലത് ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് മേശപ്പുറത്ത് വച്ച ചരിത്രവുമുണ്ട്. ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പാണെന്ന് കരുതുന്നവരാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. കുമ്മനം പറഞ്ഞു.

കേരളത്തിലെ ഇടതുമുന്നണിയുടെ 20 മാസത്തെ ഭരണം ജനങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും നല്‍കിയെന്ന വാദം അസംബന്ധമാണ്. കേരളംകൂടി ഉള്‍പ്പെട്ട കൗണ്‍സിലാണ് ഏതൊക്കെ രീതിയിലാണ് ജിഎസ്ടി നടപ്പാക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. ജിഎസ്ടി ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെല്ലാം വിലയിരുത്തുന്നു. അത് ഭംഗിയായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം ഇടങ്കോലിടാനുള്ള ശ്രമം അപലപനീയമാണെന്നും കുമ്മനം പ്രസ്താവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.