ഫാര്‍മസിയില്‍ മരുന്നും ജീവനക്കാരുമില്ല

Tuesday 23 January 2018 2:00 am IST


വണ്ടാനം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ദിനംപ്രതി ആയിരകണക്കിന് രോഗികളാണ് ചികിത്സ തേടി അന്യജില്ലകളില്‍ നിന്നടക്കം ഇവിടെയെത്തുന്നത്. പരിശോധനയ്ക്ക് ശേഷം മരുന്നിനായി രാവിലെ 9ന് ഫാര്‍മസി കൗണ്ടറുകളുടെ മുന്നിലെത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
  15 ഓളം കൗണ്ടറുകളും അതിനനുസരിച്ച് ജീവനക്കാരും വേണ്ട ഫാര്‍മസിയില്‍ ആകെയുള്ളത് 4 കൗണ്ടറുകളും അതിന് അനുസരിച്ചുള്ള വിരലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ്. ഇരുപതിലേറെ ജനറിക് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ അപൂര്‍വമായി മാത്രമെ ഇവിടെ നിന്നും ലഭിക്കുന്നുമുള്ളു. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് കൗണ്ടറിന് സമീപം എത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുക. മഴയും വെയിലും കൊണ്ട് വേണം ഫാര്‍മസി കൗണ്ടറിന് മുന്നില്‍ ക്യു നില്‍ക്കാന്‍. നൂറു കണക്കിന് രോഗികള്‍ ക്യു നില്‍ക്കുന്ന ഇവിടെ ചെറിയ ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പും പാഴായി.
  25 ഓളം ജീവനക്കാര്‍ ഇനിയും വേണ്ട ഫാര്‍മസിയിലേക്ക് കഴിഞ്ഞ 20 ന് ഇന്റര്‍വ്യുനായി ക്ഷണിച്ചതാകട്ടെ അഞ്ച് ഒഴിവുകളിലേക്ക് മാത്രം. എന്നാല്‍  250 ഓളം ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിനെത്തി. ഇതേത്തുടര്‍ന്ന് ഇന്റര്‍വ്യൂ അടുത്ത മാസം ഒന്നിലേക്ക് മാറ്റി. ഇതിന്റെ കാരണവും വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.