പാപബോധമില്ലാത്തവരാകട്ടെ മന്ത്രത്താല്‍ ശുദ്ധരാകട്ടെ

Tuesday 23 January 2018 2:45 am IST

നമ്മുടെ ദുഃഖങ്ങള്‍ക്കെല്ലാം പ്രധാനകാരണം നമ്മുടെതന്നെയുള്ളില്‍ നമ്മളറിയാതെ കൊണ്ടുനടക്കുന്ന പാപഭാവങ്ങളാണ്. മുജ്ജന്മങ്ങളില്‍ ചെയ്യുന്ന പാപങ്ങള്‍ വ്യാധികളായി വന്നുചേരുന്നു എന്ന് ആയുര്‍വേദത്തില്‍ പറയും. അത്തരത്തില്‍ നാം ചെയ്ത കര്‍മ്മങ്ങളുടെ ഫലം ദുഃഖമായാലും സുഖമായാലും അത് നമ്മള്‍ അനുഭവിച്ചേ തീരൂ. എന്നാലിനി വരാനിരിക്കുന്ന ദുഃഖം ഒഴിവാക്കാവുന്നതാണെന്നാണ് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നത്. അതിനുള്ള ഉപായമാകട്ടെ വിവേകജ്ഞാനം സമ്പാദിക്കലുമാണ്. അതുകൊണ്ടുതന്നെ ആത്യന്തികമായ പാപനിവാരണത്തിനുള്ള ഉപായമായി അറിവെന്ന ഔഷധമാണ് വേദങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിക്കുന്ന ഒരു ഋഗ്വേദമന്ത്രം കാണൂ:

ഓം അവ നോ വൃജിനാ ശിശീഹ്യൃചാ 

വനേമാനൃചഃ. 

നാബ്രഹ്മാ യജ്ഞ ഋധഗ്‌ജോഷതി ത്വേ.

(ഋഗ്വേദം 10. 105.8) 

അര്‍ഥം: അല്ലയോ ഇന്ദ്രാ, (നഃ=) ഞങ്ങളുടെ (വൃജിനാ=) വര്‍ജിക്കപ്പെടേണ്ടതായ ആചരണങ്ങളെ, പാപങ്ങളെ, (അവ ശിശീഹി=) ഇല്ലാതാക്കിയാലും. (ഋചാ=) ഋചകളെക്കൊണ്ട്, മന്ത്രങ്ങളെക്കൊണ്ട് (അനൃചഃ=) മന്ത്രഹീനന്‍മാരെ, മന്ത്രഹീനമായ കര്‍മങ്ങളെ (വനേമ=) വിജയിച്ചാലും (അബ്രഹ്മായജ്ഞഃ=) ബ്രഹ്മനില്ലാത്ത യജ്ഞം (ഋധക്=) വ്യവസ്ഥയില്ലായ്മകൊണ്ട് (ത്വേ=) നിന്നെ (ന ജോഷതി=) സന്തോഷിപ്പിക്കുന്നില്ല. നിനക്കത് പ്രിയകരമാകുന്നില്ല.

ഹേ ജഗദീശ്വരാ, കരുണാകരാ, വേദങ്ങള്‍ നിന്നെ ഇന്ദ്രനെന്നാണ് വിളിക്കുന്നത്. അതായത് വീരതയുടെ ഐശ്വര്യം നിറഞ്ഞുകവിഞ്ഞ്, ശത്രുക്കളായ ദോഷങ്ങളെ ഇല്ലാതാക്കുന്നവനാണ് നീ. ഇന്ന് നിന്റെ സവിധത്തില്‍ ഒരു യാചനയും കൊണ്ടാണ് ഞാന്‍, നിന്റെ ഈ ഭക്തന്‍, വന്നെത്തിയിരിക്കുന്നത്. വര്‍ജ്ജിക്കപ്പെടേണ്ടതായ, ഉപേക്ഷിക്കപ്പെടേണ്ടതായ നിരവധി ആചരണങ്ങള്‍ ഞാനിന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. എന്റെ ഉള്ളില്‍ പാപം തിളച്ചുമറിയുകയാണ്. സ്വാര്‍ഥതയാണ് എന്റെ ഏറ്റവും വലിയ പാപം. സ്വന്തം സുഖത്തിനുവേണ്ടി ലക്ഷ്യത്തിനുവേണ്ടി എന്തിനേയും കുരുതികൊടുക്കുവാന്‍ എനിക്ക് ലജ്ജയില്ല! എന്റെ സുഹൃത്തുക്കളുടെ  സന്തോഷത്തെ, എനിക്കുവേണ്ടി  കുരുതികൊടുക്കും. സഹോദരനെ ചതിക്കും. താലോലിച്ചു വളര്‍ത്തിയിരുന്ന ഒരു ആട്ടിന്‍കുട്ടിയെ, ഏതെങ്കിലുമൊരു ഭാവിപ്രവചനക്കാരന്‍ പറയുന്നതുകേട്ട്, അതിന്റെ കഴുത്തില്‍ കത്തിവെയ്ക്കാന്‍ പോലും ഭഗവാനേ എനിക്ക് ലജ്ജയില്ല. എന്റെ ഉള്ളില്‍ പാപം കുമിഞ്ഞുകൂടുകയാണ്. അല്ലയോ കരുണാകരാ, ഉള്ളില്‍ ഊറിക്കൂടിയ പാപത്തെ തകര്‍ക്കാന്‍ നിനക്കുമാത്രമേ സാധിക്കൂ. സകലവിധ പാപങ്ങളില്‍നിന്നും ഞങ്ങളെ മോചിപ്പിച്ചാലും. പാപങ്ങളെ നശിപ്പിച്ചാല്‍ മാത്രം മതിയാവില്ല, അവ ഇനിയൊരിക്കലും എന്നെ സ്പര്‍ശിക്കാന്‍  ഭഗവാനേ, അനുവദിക്കരുതേ. ഇത് എനിക്കുമാത്രം വേണ്ടിയുള്ള പ്രാര്‍ഥനയല്ല. എന്നോടൊപ്പം ഈ ലോകത്ത് അധിവസിക്കുന്ന എല്ലാവര്‍ക്കും മിത്രത്തിനും ശത്രുവിനും വേണ്ടിയുള്ള പ്രാര്‍ഥനയാണ്. 

വിശക്കുമ്പോള്‍ ആഹാരം കഴിക്കാതിരിക്കുന്നത് പാപമാണ്. അതേപോലെ വിശക്കാത്തപ്പോള്‍ ഭക്ഷിക്കുന്നതും പാപംതന്നെ. ദേവതകള്‍ക്ക് അര്‍പ്പിക്കാതെ തനിച്ചുണ്ണുന്നതും പാപമാണ്. ബ്രഹ്മചര്യക്കാലത്ത് ബ്രഹ്മചര്യവ്രതം പാലിക്കാതിരിക്കുന്നത് കൊടുംപാപമാണ്. വിദ്യ അഭ്യസിക്കാതിരിക്കുന്നത്, എല്ലാം പാപംതന്നെ. ഗാര്‍ഹസ്ഥ്യത്തില്‍ സന്ന്യാസിയെപ്പോലെ ജീവിക്കുന്നത് പാപമാണ്. വളര്‍ത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും അവര്‍ ജീവിച്ചിരിക്കെ ശ്രാദ്ധവും തര്‍പ്പണവും നടത്തി അവരെ തൃപ്തരാക്കാത്തത് പാപമാണ്. ഗുരുക്കന്മാരെ വന്ദിക്കാതിരിക്കുന്നതുതന്നെ പാപമാണ്, അപ്പോള്‍ നിന്ദിക്കുന്നതോ, പ്രായശ്ചിത്തമില്ലാത്ത പാപവും.

പുത്രനു പുത്രന്‍ ജനിച്ചിട്ടും വാനപ്രസ്ഥാശ്രമം സ്വീകരിക്കാതിരിക്കുന്നത് എന്റെ സ്വാര്‍ഥതയാണ്. അപ്പോഴും വീടും നാടും ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ധര്‍മമല്ല. കാഷായം ധരിച്ച് സന്ന്യാസിയായതിനുശേഷവും ഗൃഹസ്ഥന്റെ കര്‍മ്മങ്ങള്‍ ചെയ്യുന്നത് പാപമാണ്. ഹേ കരുണാകരാ, ഉപേക്ഷിക്കപ്പെടേണ്ടതായ ആചരണങ്ങളെ ഞങ്ങള്‍ എന്നന്നേക്കുമായി കയ്യൊഴിയുമാറാകട്ടെ. 

എന്റെ രണ്ടാമത്തെ പ്രാര്‍ഥന കേട്ടാലും. അവിടുന്ന് ഞങ്ങളുടെയുള്ളില്‍ മന്ത്രശക്തിയെ നിറച്ചാലും. മന്ത്രഹീനന്‍മാരെ  ജയിക്കാന്‍ ഉള്ള ശക്തി ഞങ്ങള്‍ക്ക് സദാ നല്‍കിയാലും. മന്ത്രം അഗ്നിയാണ്. മന്ത്രം അറിവാണ്. മന്ത്രം വിനയമാണ്, മന്ത്രം യോഗമാണ്. മാധുര്യം നിറഞ്ഞ ആചരണങ്ങളെക്കൊണ്ട് കഠിനഹൃദയന്‍മാരെ ഞങ്ങള്‍ ജയിക്കട്ടെ. സ്തുതികളെക്കൊണ്ട്, നിന്ദിക്കുന്നവരെ ജയിക്കട്ടെ. ദ്വേഷിക്കുന്നവരെ പ്രേമംകൊണ്ട് ജയിക്കട്ടെ. കല്ലെറിയുന്നവരെ പൂക്കളെറിഞ്ഞ് ജയിക്കട്ടെ. ചെളിവാരിയെറിയുന്നവരെ മാറോടണച്ചു ജയിക്കട്ടെ.  

ഭഗവാനേ, ബ്രഹ്മനില്ലാത്ത യജ്ഞം നിനക്ക് പ്രിയമല്ല. ബ്രഹ്മമെന്നാല്‍ അറിവാകുന്നു, വേദമാകുന്നു. ആ ബ്രഹ്മത്തിന്റെ പ്രതിരൂപമാകുന്നു ബ്രഹ്മന്‍. ഹോതാവും, അധ്വര്യുവും, ഋത്വിക്കും കഴിഞ്ഞാല്‍, യജ്ഞത്തില്‍ നാലാമനായ അഥര്‍വവേദി ബ്രഹ്മനാണ്. യജമാനനെ യജ്ഞത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നത് ബ്രഹ്മനാണ്. യജ്ഞത്തില്‍ ഭവിക്കാവുന്ന തെറ്റുകളും കുറവുകളും പരിഹരിച്ച് അതിനെ മുന്നോട്ടുകൊണ്ടുപോവുന്നത് ബ്രഹ്മനാണ്. 

ബ്രഹ്മനില്ലാത്ത യജ്ഞം തെറ്റുകളും കുറവുകളും നിറഞ്ഞതായിരിക്കും, അതിനാല്‍തന്നെ ഫലത്തെ തരുന്നതുമായിരിക്കില്ല. ബ്രഹ്മന്‍ സൂക്ഷ്മദൃക്കാണ്, നയിക്കുന്നവനാണ്. രാഷ്ട്രയജ്ഞത്തിലും ഉത്തമ നേതാവാകുന്ന ബ്രഹ്മനില്ലെങ്കില്‍ രാഷ്ട്രം ഛിന്നഭിന്നമായിപ്പോകും. ബ്രഹ്മന്റെ സാന്നിധ്യം ഇല്ലാത്ത യജ്ഞം ഞങ്ങളൊരിക്കലും, ചെയ്യാതിരിക്കട്ടെ. അതായത് ഞങ്ങളുടെ ഓരോ കര്‍മവും യജ്ഞസമാനം ശ്രേഷ്ഠമാകട്ടെ, മാത്രമല്ല അവയോരോന്നും, ഗുരുവിന്റെ അനുഗ്രഹത്താല്‍ അറിവിനാല്‍ പൂര്‍ണമാകട്ടെ.

 

 

ആചാര്യശ്രീ രാജേഷ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.