ഏത് ഉപായംകൊണ്ടാണ് അങ്ങയെ സാക്ഷാത്കരിക്കാന്‍ കഴിയുക? (11-54)

Tuesday 23 January 2018 2:30 am IST

അര്‍ജ്ജുനന്‍ ഇങ്ങനെ ചോദിക്കാതെ തന്നെ ഭഗവാന്‍ മറുപടി പറയുന്നു.

''അനന്യയാഭക്ത്യാതു''

''ഭക്തിഃ ഈശ്വരേപരാനുരക്തിഃ-ഭക്തി എന്നാല്‍ ഈശ്വരനില്‍ ഉത്കൃഷ്ടമായ അനുരാഗമാണ് സ്‌നേഹമാണ് എന്നുകേട്ടിട്ടുണ്ട്. 

അനന്യഭക്തി എന്നാല്‍ എന്താണ്?

ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-

''അപൃഥഗ്ഭൂതയാ= ഭഗവതഃ അന്യത്ര 

പൃഥഗ് ന കദാചിദപിയാ ഭവതി, സാ തു

അനന്യഭക്തിഃ (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)

ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു.

''സര്‍വൈഃ അപികാരണൈഃ വാസു-

ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,

സാ അനന്യഭക്തിഃ'' (=ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു ദേവനിലും ഒരിക്കല്‍പ്പോലും തെന്നിപ്പോകാത്ത ഭക്തി അനന്യഭക്തി)

ശ്രീശങ്കരാചാര്യര്‍ വീണ്ടും വിവരിക്കുന്നു-

''സര്‍വൈഃ അപികാരണൈഃ വാസു-

ദേവാദ് അന്യദ് ന ഉപലഭ്യതേ, യയാ,

സാ അനന്യഭക്തിഃ-'' (=പലവിധ കാരണങ്ങള്‍കൊണ്ടും ഭക്തിയുടെ ലക്ഷ്യം ഭഗവാന്‍ വാസുദേവനല്ലാതെ മറ്റെന്തെങ്കിലും ആയിത്തീര്‍ന്നേക്കാം. അങ്ങനെ ലക്ഷ്യം മാറിപ്പോകാത്ത ഭക്തി അനന്യഭക്തി'' ഈ അനന്യഭക്തി മാത്രമാണ് എന്നെ സാക്ഷാല്‍കരിക്കാനുള്ള ഒരേ ഒരു ഉപായം; വേറെ ഒരു ഉപായവുമില്ല.

അനന്യഭക്തിയെ ഇങ്ങനെ ചുരുക്കി പറയാം.

(1) നമ്മുടെ പ്രേമപ്രവാഹം ശ്രീകൃഷ്ണിലേക്കു മാത്രമാവണം (2) സമ്പത്തോ, സ്വര്‍ഗ്ഗമോ, ഇഹലോകത്തിലേയോ പരലോകത്തിലേയോ സുഖം ഭക്തിയുടെ ഫലമായി സങ്കല്‍പിക്കാനേ പാടില്ല. (3) ഭക്തി മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച്, യാഗം, യോഗം, പൂജ, ധ്യാനം മുതലായ മറ്റേതെങ്കിലും സാധനാമാര്‍ഗ്ഗങ്ങളിലേക്ക് ചാടിപ്പോകരുത്. ഇതാണ് അനന്യഭക്തിയുടെ മൂന്നുഘടകങ്ങള്‍. ഈ വിധത്തിലുള്ള ഭക്തികൊണ്ടുമാത്രമേ എന്റെ പരമവൈഭവം (ജ്ഞാതും)-അറിയുവാന്‍ കഴിയുകയുള്ളൂ; എന്റെ വിശ്വരൂപമോ, ആദിനാരായണരൂപമോ, അവതാര രൂപങ്ങളോ അവതാര ലീലകളോ ഈ ശീകൃഷ്ണരൂപമോ (ദ്രഷ്ടും) കാണാനും ആനന്ദിക്കാനും കഴിയുകയുള്ളൂ. എന്റെ പരമധാമമായ വൈകുണ്ഠലോകത്തിലോ ഗോലോകത്തിലോ പ്രവേഷ്ടും എത്തിച്ചേരാനും കഴിയുകയുള്ളൂ.

പ്രവേഷ്ടും- എന്ന പദം സംശയമുളവാക്കുന്നതാണ്. മനുഷ്യന്റെ ജീവിതലക്ഷ്യം ഭഗവാനില്‍ സായുജ്യം പ്രാപിക്കലല്ലേ? അല്‍പം ഭഗവാന്റെ യഥാര്‍ത്ഥ ഉത്തമഭക്തന്‍ ഭഗവാന്റെ ത്രൈലോക്യസമ്മോഹനമായ രൂപം കേശാദിപാദംകണ്ട് ആനന്ദിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത്; ഭഗവാനില്‍ ലയിക്കുകയല്ല.

''പഞ്ചസാരഭക്ഷിക്കുന്ന ഉറുമ്പുകളെപ്പോലെ നാം, ഭഗവാനെ കണ്ട് ആനന്ദിക്കണം. നാം പഞ്ചസാരയായിത്തീര്‍ന്നാല്‍ നമുക്ക് എന്ത് ആനന്ദമാണുണ്ടാവുക.''-എന്ന അര്‍ത്ഥം വരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ വചനം നാം ഓര്‍ക്കുക.

മറ്റൊരു സംശയംകൂടി ഉണ്ട്

''തമേതം വേദാനുവചനേന ബ്രാഹ്മണാഃ

വിവിദഷന്തി; യജ്ഞേന ദാനേന തപസാളനാശകേന''  എന്നല്ലേ ശ്രുതി വാക്യം? -വേദങ്ങള്‍ യഥാവിധി അധ്യയനം ചെയ്തും, യജ്ഞങ്ങള്‍ അനുഷ്ഠിച്ചും ദാനങ്ങള്‍ ചെയ്തും തപസ്സുകള്‍ ചെയ്തും ബ്രാഹ്മണര്‍ ഭഗവാനെ അറിയാന്‍ ശ്രമിക്കുന്നു'' എന്ന വേദവാക്യത്തിന് എന്താണര്‍ത്ഥം? ഭഗവാന്‍ ഗീതയില്‍ ഈ പതിനൊന്നാം അധ്യായത്തില്‍ വേദാധ്യയനാദികള്‍കൊണ്ട് എന്നെ സാക്ഷാത്കരിക്കാന്‍ സാധ്യമല്ല എന്നാണ് പറയുന്നത്. രണ്ടുംകൂടി ഒന്നിച്ച് എങ്ങനെ ശരിയാകും?

 

 

 

കാനപ്രം കേശവന്‍ നമ്പൂതിരി

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.