ചോറിങ്ങും കൂറങ്ങും

Tuesday 23 January 2018 2:30 am IST

ഇന്ത്യ, ചൈനയെ വളഞ്ഞിരിക്കുകയാണെന്നുള്ള  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിരുകടന്നുപോയി! എന്തു തോന്ന്യാസവും വിളിച്ചുപറയാമെന്നാണ് ചിലരുടെ ഭാവം. ഇത്തരക്കാരെ എന്തുവിളിക്കണം? പൗരസ്വാതന്ത്ര്യം ഇത്രയും വേണോ? 

മാര്‍ക്‌സിസ്റ്റാചാര്യനായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് ഒരിക്കല്‍ പത്രങ്ങള്‍ അരുണാചല്‍ പ്രശ്‌നത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം ഒരു മറുചോദ്യമായിരുന്നു. ''ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ആ ഭൂവിഭാഗമല്ലേ?'' എങ്ങനെയുണ്ട്. പണ്ടൊക്കെ റഷ്യയിലും ചൈനയിലുമൊക്കെ മഴപെയ്‌തെന്നു കേട്ടാല്‍പോലും നമ്മുടെ സഖാക്കള്‍ കേരളത്തില്‍ കുടനിവര്‍ത്തുമായിരുന്നു. കോടിയേരിയുടെ വാക്കുകള്‍ ഏറെ ഗൗരവത്തോടെ എടുക്കേണ്ടതാണ്.

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനും ചൈനയും കൈകോര്‍ത്തിരിക്കുമ്പോള്‍ ഇത്തരം ദേശവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ ഉള്ളിലിരിപ്പ് നമുക്ക് ഊഹിക്കാവുന്നതാണ്. നമ്മുടെ തോല്‍വി തന്നെ ഇക്കൂട്ടരുടെ ലക്ഷ്യം.

1962 ലെ ഇന്ത്യയല്ല 2018 ലേതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. അന്ന് നമ്മുടെ സൈന്യത്തിന് നല്ല ആയുധശേഷിയില്ലായിരുന്നു. വളരെ പരിമിതമായ ഫണ്ട് മാത്രമേ പ്രതിരോധമേഖലയ്ക്ക് അനുവദിച്ചിരുന്നുള്ളൂ. അതിര്‍ത്തിയിലെ മഞ്ഞുമലകളില്‍ തണുപ്പകറ്റാന്‍ വസ്ത്രങ്ങള്‍ പോലും പരിമിതമായിരുന്നു. ആയുധങ്ങളോ, ഹൈദരാബാദിലെ നൈസാമിന്റെ ഇരുമ്പുപിടിച്ച പൊട്ടാത്ത തോക്കുകളും. പാവം കൃഷ്ണമേനോന്‍, എല്ലാവരുംകൂടി  ആ വലിയ മനുഷ്യനെ ബലിയാടാക്കി! ഇതൊക്കെ പഴയ കഥകള്‍. എന്നാല്‍ ഇന്ന് ഇന്ത്യയുടെ കരുത്ത് ലോകത്തിനറിയാം. ചൈനയ്ക്കും അത് നല്ലപോലെ അറിയാം. എന്നാല്‍ ഇവിടുത്തെ ഒറ്റുകാരുടെ സഹായം അവര്‍ പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാനെ മാത്രമല്ല, നേപ്പാളിനേയും ഭൂട്ടാനേയും ശ്രീലങ്കയേയുമൊക്കെ വരുതിയിലാക്കാന്‍കൂടി ചൈന ശ്രമിക്കുന്നുണ്ടെന്നുള്ള കാര്യവും നാം മറന്നുകൂടാ. ഇതെല്ലാം എന്താ കോടിയേരിക്ക് അറിയില്ലെന്നുണ്ടോ?

ഇത്തരം ദേശദ്രോഹപരമായ പ്രസ്താവനകള്‍ നടത്തുന്നവരെ നിലയ്ക്കുനിര്‍ത്തണം. എത്ര വലിയ ആളായാലും ഇതനുവദിച്ചുകൂടാ.

എം. ശ്രീധരന്‍, വരവൂര്‍,

തൃശ്ശൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.