സുഭാഷ് വീണ്ടും രക്ഷപ്പെട്ടു

Tuesday 23 January 2018 2:30 am IST
ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ഐഎന്‍എ രൂപീകരിച്ച് സായുധസമരത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച നേതാജി 1945-ല്‍ തെയ്‌വാനിലെ വിമാനാപകടത്തില്‍ മരിച്ചുവെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഈ 'അപകടം' രക്ഷപ്പെടാന്‍ നേതാജി ഒരുക്കിയ തന്ത്രമാണെന്നും, റഷ്യയിലേക്ക് കടന്ന അദ്ദേഹം പിന്നീട് വളരെക്കാലം അവിടെ ജീവിച്ചിരുന്നതായും ലേഖകന്‍ വാദിക്കുന്നു.

ജപ്പാന്‍ നേതൃത്വത്തിന്റേയും നേതാജി സുഭാഷ്ചന്ദ്ര ബോസിന്റേയും രഹസ്യയോഗം 'വ്യാജവിമാന അപകടം' നടന്നതിന്റെ പിറ്റേദിവസം സെയ്ഗണില്‍ നടന്നു. ജനറല്‍ ഡഗ്‌ളസ് മാക് ആര്‍തര്‍  ഇതന്വേഷിച്ച് യുഎസ് പ്രസിഡന്റ്ഹാരി ട്രൂമാനെയും, സൗത്ത് ഏഷ്യയുടെ സുപ്രീം കമാന്ററായ മൗണ്ട് ബാറ്റനെയും 'സുഭാഷ് വീണ്ടും രക്ഷപ്പെട്ടു' എന്നറിയിച്ചു. അമേരിക്കന്‍ എഴുത്തുകാരനായ ആല്‍ഫ്രഡ് വഗ്ഗ്, 1945 ആഗസ്റ്റ് 29 ന്  നടന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പത്രസമ്മേളനത്തില്‍ ഇങ്ങനെ അറിയിച്ചു: 'നേതാജി ജീവിച്ചിരിപ്പുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് സെയ്‌ഗോണില്‍വച്ച് ജീവനോടെ നേരിട്ടുകണ്ടു'. താന്‍ അതു വിശ്വസിക്കുന്നില്ലെന്നും സുഭാഷ് വിമാന അപകടത്തില്‍ മരിച്ചെന്നും നെഹ്‌റു തത്സമയം പത്രസമ്മേളനത്തില്‍ ഇങ്ങനെ അറിയിച്ചു. എന്നാല്‍ വൈസ്രോയി ഫീല്‍ഡ് മാര്‍ഷല്‍ വേവല്‍, 'ബോസ് ഒളിവില്‍ പോയതാണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു' എന്നാണ് തന്റെ ഡയറിയില്‍ കുറിച്ചത്.

1945 ആഗസ്റ്റ് 29 നും,  1946 ഒക്‌ടോബര്‍ 12നും, 1951 ഏപ്രില്‍ 19 നും, പാര്‍ലമെന്റില്‍ 1952 മാര്‍ച്ച് രണ്ടിനും നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ് വിമാന അപകടത്തില്‍മരിച്ചു എന്ന പ്രസ്താവനകള്‍ നടത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും, അവര്‍ ഹൈജാക്ക് ചെയ്ത ഫോര്‍വേഡ് ബ്ലോക്കും ഇതുതന്നെ ആവര്‍ത്തിച്ചു. നേതാജി മരിച്ചതായി പ്രസ്താവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ലോകത്തെ ഒരേയൊരു രാഷ്ട്രത്തലവന്‍ നെഹ്‌റു മാത്രമാണ്!

ബാങ്കോക്കില്‍ ജൂണ്‍ 1945 ന് നടന്ന സൈനികയോഗത്തില്‍ ബോസ്, കൗണ്ട് തെറോചി, ഇസോദ, മോറിയോ തക്കാക്കുര തുടങ്ങിയവര്‍ പങ്കെടുത്തു. നേതാജി റഷ്യയിലേക്ക് കടക്കാന്‍ സുരക്ഷിതവും സ്വതന്ത്ര പ്രദേശവുമായ മഞ്ചൂരിയയാണ് തെരഞ്ഞെടുത്തത്. നേതാജിയുടെ യാത്ര സുരക്ഷിതമാക്കാന്‍ ലെഫ്. ജനറല്‍ ഷിഡെയെ ചുമതലപ്പെടുത്തി. ഡെയ്‌റന്‍ വഴി വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു. മേജര്‍ ജനറല്‍ എസ്.സി. അളഗപ്പനാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. കേണല്‍ ടാഡ മിനോറുവിനെ ആഗസ്റ്റ് 18 ന് വ്യാജ 'വിമാന അപകടം' ഒരുക്കുവാനും ഏര്‍പ്പെടുത്തിയിരുന്നു. ഭാവിപരിപാടികള്‍ നേതാജി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. 'അപ്രത്യക്ഷനാവുക, മരിച്ചുവെന്ന് സഖ്യകക്ഷികള്‍ ധരിക്കുക, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ട സൈനിക  നീക്കങ്ങള്‍ റഷ്യയില്‍ നിന്ന് തുടരുക.' ഇവ ജപ്പാന്‍ രഹസ്യമായി സൂക്ഷിച്ചു.

ബോസും ജനറല്‍ ഇസോദയും ചേര്‍ന്ന് 1945 ആഗസ്റ്റ് 16 ന് യാത്രയുടെ ഏര്‍പ്പാടുകളെല്ലാം ചെയ്തു. ആഗസ്റ്റ് 17 ന് വൈകുന്നേരം നേതാജി സഹപ്രവര്‍ത്തകരുമായി ടുറെയിനില്‍വച്ച് പിരിഞ്ഞു. ജാപ്പനീസ്  ജനറല്‍ ഇസോദയും ഹബീബുര്‍ റഹ്മാനും കൂടെ ഉണ്ടായിരുന്നു. വിമാന യാത്രയ്ക്ക് ആകെ രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഹബീബുര്‍ റഹ്മാനെയാണ് നേതാജി തെരഞ്ഞെടുത്തത്. ആഗസ്റ്റ് 18 ന് നേതാജി കയറിയ ബോംബര്‍ വിമാനം തെയ്പിയില്‍ (തെയ്‌വാന്‍) തകര്‍ന്നുവീണതായ പദ്ധതി നടപ്പിലാക്കിയിരുന്നു. നേതാജി തെയ്പിയിലേക്ക് പോയതേയില്ല. ടുറെയിനില്‍നിന്ന് പുറപ്പെട്ട്, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സ്ഥലത്ത് തങ്ങി. ഇതിനിടയ്ക്ക് ശത്രുക്കള്‍ യാത്രയെക്കുറിച്ച് അറിഞ്ഞതായ വിവരം ജനറല്‍ ഷിഡെക്ക് ലഭിച്ചു. അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗത്തിനും ചൈനയിലെ ഡയറക്ടര്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സിനും, നേതാജി മഞ്ചൂരിയയിലേക്ക് പോകുന്നുവെന്ന ജപ്പാന്റെ തലസ്ഥാനത്തേക്കയച്ച രഹസ്യസന്ദേശം പിടിച്ചെടുത്ത് ഡീകോഡ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നു.

ഹബീബുര്‍ റഹ്മാന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയ നേതാജി ലെഫ്.ജനറല്‍ ഷിഡെക്കൊപ്പം യാത്രയായി. 1945 ആഗസ്റ്റ് 23 ന് അവര്‍ സൈഗണില്‍ നിന്നും 1945 ആഗസ്റ്റ് 23 ന് വിമാനത്തില്‍ യാത്രതിരിച്ച് മഞ്ചൂരിയന്‍ അതിര്‍ത്തിയിലുളള ഡെയ്‌റനില്‍ ഉച്ചയ്ക്ക് എത്തി. അവിടെ നിന്നും ജീപ്പില്‍ നാലുപേര്‍ക്കൊപ്പം റഷ്യന്‍ പ്രദേശത്തേക്കു പോയി. ജീപ്പ് നാല് മണിക്കൂര്‍ കഴിഞ്ഞ് ഡെയ്‌റന്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി. നേതാജി സുരക്ഷിതമായി റഷ്യന്‍ പ്രദേശത്തെത്തിയെന്ന് കാത്തുനിന്നിരുന്ന വിമാനത്തിലെ പൈലറ്റിനെ അറിയിച്ചു. നേതാജിക്ക് റഷ്യയില്‍ സഞ്ചരിക്കാന്‍ ബ്ലാക്ക് ഡ്രാഗന്‍ ഫൈറ്റിങ് സൊസൈറ്റി അംഗങ്ങളുടെ സഹായവും ലഭിച്ചിരുന്നു. ജനറല്‍ ഷിഡെയും അപ്രത്യക്ഷനായി.

അച്ചുതണ്ട് ശക്തികളുമായുളള യുദ്ധം പരാജയപ്പെട്ടാല്‍, ജപ്പാനില്‍നിന്നും റഷ്യയിലേക്ക് തന്റെ പ്രവര്‍ത്തനകേന്ദ്രം മാറ്റാന്‍ നേതാജി 1944 ല്‍ തന്നെ റഷ്യയുടെ അനുവാദം വാങ്ങിയിരുന്നു. നേതാജി ഇതിനായി ജപ്പാനെ കൂടാതെ ചൈന വഴിയായും ശ്രമിച്ചിരുന്നു.

സഖ്യകക്ഷികളെ എതിര്‍ത്ത രാജ്യങ്ങളിലെ ജീവനോടെ പിടികിട്ടിയ തലവന്മാരെയെല്ലാം യുദ്ധത്തടവുകാരായി  വിസ്തരിച്ച് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. റഷ്യയിലുളള നേതാജിയുടെ കാര്യത്തില്‍ വൈസ്രോയി വേവല്‍ നല്‍കിയ ശുപാര്‍ശ പ്രധാനമന്ത്രി ആറ്റ്‌ലിയും ബ്രിട്ടീഷ് കാബിനറ്റും, 1945 ഒക്‌ടോബര്‍ 25 ന്(തെയ്പി 'വിമാന അപകടം'കഴിഞ്ഞ് 67 ദിനങ്ങള്‍ക്ക് ശേഷം) പാസ്സാക്കി. സുഭാഷ് മരിച്ചിട്ടില്ലെന്നും റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്നും, അതങ്ങനെതന്നെ തുടരട്ടെയെന്നുമായിരുന്നു തീരുമാനം. ഇത് ബ്രിട്ടീഷ് സര്‍ക്കാര്‍, 1977 ല്‍ പ്രസിദ്ധീകരിച്ച 'ട്രാന്‍സ്ഫര്‍ ഓഫ് പവര്‍-1942-47' എന്ന ഗന്ഥത്തില്‍ പറയുന്നുണ്ട്.

മഞ്ചൂരിയയില്‍നിന്നുളള നേതാജിയുടെ റേഡിയോസന്ദേശങ്ങള്‍ മൂന്നുദിവസങ്ങളില്‍ ഇന്ത്യയില്‍ ലഭിച്ചിരുന്നു. 26.12.1945, 19.1.1946, 19.2.1946 ദിവസങ്ങളിലായിരുന്നു അവ. പ്രത്യേക ഫ്രീക്വന്‍സിയിലുളള പ്രക്ഷേപണമായിരുന്നു. ഓരോന്നും തുടങ്ങുന്നത് ഇങ്ങനെയായിരുന്നു: 'ഞാന്‍ സുഭാഷ്ചന്ദ്ര ബോസാണ്. ഇത് എന്റെ ഒന്നാമത്തെ/രണ്ടാമത്തെ/മൂന്നാമത്തെ പ്രക്ഷേപണമാണ്. സംസാരിക്കുന്നത് റേഡിയോ മഞ്ചൂരിയയില്‍ നിന്നാണ്.' ഇതിനുശേഷമാണ് കോടിക്കണക്കിനുണ്ടായിരുന്ന ഐഎന്‍എ നിധി ജപ്പാനില്‍വച്ച് മുങ്ക രാമമൂര്‍ത്തിയും എസ്.എ. അയ്യരും കൊളളയടിച്ചത്. സൈനിക സജ്ജീകരണത്തിന് ആ പണം സൂക്ഷിക്കാന്‍ നേതാജി നല്‍കിയ ടെലിഗ്രാം നിര്‍ദ്ദേശം രാമമൂര്‍ത്തി ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയിരുന്നു.

സോവിയറ്റ് ഭരണാധികാരിയായ ജോസഫ് സ്റ്റാലിന്‍ ഒരു യോഗത്തില്‍ റഷ്യയിലുളള സുഭാഷിന്റെ കാര്യം എന്തുചെയ്യണം എന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തതിന്റെ തെളിവുകള്‍ ലഭ്യമാണെന്ന് നേതാജിയുടെ അനന്തിരവന്‍ പ്രദീപ് ബോസ് അറിയിച്ചിരുന്നു. ജോസഫ് സ്റ്റാലിന്‍ നെഹ്‌റുവിനോട് സുഭാഷ് ചന്ദ്ര ബോസ് തന്റെ കസ്റ്റഡിയിലുണ്ടെന്നും എന്തുവേണമെന്നും 1945 ഡിസംബറില്‍ ആരാഞ്ഞിരുന്നു.

ഇതോടനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ്ആറ്റ്‌ലിക്ക് നെഹ്‌റു  അയച്ച എഴുത്തിലാണ് അവരുടെ യുദ്ധശത്രുവായ സുഭാഷിനെ റഷ്യയിലെ മഞ്ചൂരിയയില്‍ പ്രവേശിക്കാന്‍ സ്റ്റാലിന്‍ അനുവദിച്ചെന്നും, സഖ്യകക്ഷിയായിരിക്കെ റഷ്യയുടെ നീക്കം വഞ്ചനയാണെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടത്. നെഹ്‌റുവിന് നേതാജി അയച്ച എഴുത്തിന്റെ പകര്‍പ്പും അടക്കം ചെയ്തിരുന്നു. 1945 ഡിസംബര്‍ 26 ന് ശ്യാംലാല്‍ ജെയിനിനെക്കൊണ്ടാണ് നെഹ്‌റു ഇത് ടൈപ്പ് ചെയ്യിച്ചത്. കോണ്‍ഗ്രസ്സ് നേതാവായിരുന്ന ആസഫ് അലിയുടെ സ്റ്റെനോ ആയിരുന്നു ശ്യാംലാല്‍ ജെയിന്‍.

ഇന്ത്യയിലേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹിക്കുന്നതായി നേതാജി നെഹ്‌റുവിന് എഴുതിയിരുന്നതായി മേജര്‍ ടോയിയും തന്റെ റിപ്പോര്‍ട്ടില്‍ ( 15.1.1946 ) പറയുന്നുണ്ട്. നേതാജിക്ക് റഷ്യ അഭയം നല്‍കിയെന്നും, അവിടെനിന്നും സൈന്യത്തെ സമാഹരിച്ച് അടുത്ത ആക്രമണത്തിന് തയ്യാറാകുന്നു എന്നുമുള്ള വിവരം പ്രധാനമായും സഖ്യകക്ഷികള്‍ക്ക് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയവുംഇതു തന്നെയായിരുന്നു. ഇതിനെത്തുടര്‍ന്ന് സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം മൂലം സ്റ്റാലിന്‍ നേതാജിയെ സൈബീരിയയില്‍ യാക്കുത്‌സ്‌ക് തടങ്കല്‍ പാളയത്തിലുളള സെല്‍നമ്പര്‍ 45 ലെ തടവുകാരനാക്കി. സൈനിക സജ്ജീകരണത്തിന് കരുതിയ ഐഎന്‍എ നിധി കവര്‍ന്നതും,  അടുത്ത യുദ്ധത്തിനുളള ഒരുക്കങ്ങള്‍ നടത്തിയിരുന്ന  നേതാജിയെ ഒറ്റുകൊടുത്തതും മൂര്‍ത്തി, അയ്യര്‍, നെഹ്‌റു പ്രഭൃതികളാണ്.

(ബുദ്ധ ബുക്‌സ് പ്രസിദ്ധീകരിച്ച 'നേതാജി സുഭാഷ് ചന്ദ്രബോസ് - ചരിത്രവും നിഗൂഢതകളും' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍.)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.