മുഖംമൂടിയാണ് ഈ സര്‍ക്കാര്‍

Tuesday 23 January 2018 2:45 am IST
അഴിമതിയുടെ ഘോഷയാത്രയാണ് ഭരണം. ബംഗാളിനെ ഇളക്കി മറിച്ച, തൃണമൂല്‍ നേതാക്കള്‍ ഒന്നടങ്കം പ്രതിക്കൂട്ടിലായ റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ മണിക് സര്‍ക്കാരിനെതിരെയും ആരോപണമുണ്ട്. 2008 ല്‍ അഗര്‍ത്തലയില്‍ റോസ് വാലിയുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് കമ്പനിയെയും, മേധാവി ഗൗതം കുന്ദുവിനെയും മുഖ്യമന്ത്രി പ്രശംസിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വൈറ്റ് കോളര്‍ മാവോയിസ്റ്റ്-ത്രിപുരയിലെ സിപിഎമ്മിനുള്ള ബിജെപിയുടെ വിശേഷണമാണിത്. ജനാധിപത്യ മുഖംമൂടിയണിഞ്ഞ് ആക്രമണത്തിലും ഏകാധിപത്യത്തിലുമൂന്നിയ ഫാസിസ്റ്റ് രാഷ്ട്രീയം നടപ്പാക്കുന്നവര്‍. സിപിഎമ്മിന്റെ ആദര്‍ശ പുരുഷനാണ് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ലളിത ജീവിതം, അഴിമതി രഹിതം, വികസന നായകന്‍ എന്നൊക്കെ പുകഴ്ത്തി 'മാധ്യമ ഗോപാലസേന'ക്കാര്‍ പാവപ്പെട്ടവന്റെ അഭിനവ പടത്തലവനാക്കി അവതരിപ്പിച്ച മണിക് കപടതയില്‍ കേരളത്തിലെ വി.എസ്സിനെ തോല്‍പ്പിക്കും. അഴിമതിയുടെ കറയും അക്രമത്തിന്റെ ചോരയുമുണ്ട് മുഖ്യമന്ത്രിയുടെ വെള്ള കുര്‍ത്തയിലും പൈജാമയിലും. അതറിയാന്‍ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലം വരെയൊന്ന് പോകാം..

 ധാന്‍പൂര്‍ മണ്ഡലത്തിലെ കഠാലിയ ഗ്രാമത്തിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനകീയനായ ആസാം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് മുഖ്യാതിഥി. പരമ്പരാഗത ഗോത്രവേഷവിധാനത്തില്‍ ഭാരതമാതാവിന്റെ ഛായാചിത്രം. സ്ത്രീകളുള്‍പ്പെടെ വലിയ ജനക്കൂട്ടം. സിപിഎമ്മല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത് ആദ്യം. ഇരുപത് വര്‍ഷം ഭരിച്ചിട്ടും സ്വന്തം മണ്ഡലത്തില്‍ ഒരു കോളേജ് സ്ഥാപിക്കാന്‍ മണിക് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് ജനങ്ങളോട് ചോദിക്കുന്നു. ഇല്ലെന്ന് ആര്‍ത്തലച്ച് മറുപടി. കേന്ദ്ര സര്‍ക്കാര്‍ ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കുന്നു. ഇവിടെത്രയാണ്? നാലെന്ന് ജനങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലേക്ക് പോകേണ്ടി വരും. ബിപ്ലബ് അവസാനിപ്പിക്കുമ്പോള്‍ വലിയ കയ്യടി. 

രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ മണ്ഡലത്തില്‍നിന്നും അഗര്‍ത്തലയിലെ വിധാന്‍ സഭയിലെത്താം. ഇത്തവണ യാത്ര എളുപ്പമല്ല മുഖ്യമന്ത്രിക്ക്. 6017 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് 2013ല്‍ ലഭിച്ചത്. 37276 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 21,286 വോട്ടുകള്‍ മണിക് സര്‍ക്കാരിനും 15269 വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും ലഭിച്ചു. പ്രവര്‍ത്തിക്കാതെയാണ് കോണ്‍ഗ്രസ് ഇത്രയും മുന്നേറ്റമുണ്ടാക്കിയത്. കോണ്‍ഗ്രസ് അപ്രസക്തമായ സംസ്ഥാനത്ത് ഇത്തവണ ബിജെപിയും സിപിഎമ്മും നേരിട്ടാണ് മത്സരം. മൂന്ന് വര്‍ഷമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തിക്കുന്നു. പരിവര്‍ത്തന്‍ ആരംഭിക്കേണ്ടത് മുഖ്യമന്ത്രിയുടെ തട്ടകത്തില്‍നിന്നാകണമെന്ന് പാര്‍ട്ടിയുടെ പക്ഷം.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎമ്മിനെ എതിര്‍ത്താല്‍ എന്താണവസ്ഥയെന്ന് ഹോട്ടല്‍ നടത്തുന്ന രത്തന്‍ ദാസ് പറയും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഈ യുവാവ്. വീടും ഹോട്ടലും ആക്രമിച്ചു. മര്‍ദ്ദിച്ചു. സാമൂഹികമായി ഒറ്റപ്പെടുത്തി. കച്ചവടം ഇപ്പോള്‍ പേരിന് മാത്രമായി. പലായനം ചെയ്യാന്‍ അഭിമാനം അനുവദിക്കാത്തതിനാല്‍ പിടിച്ചുനില്‍ക്കുന്നു. തെരുവു വിളക്ക് ഒന്നുപോലും ടൗണിലില്ല. റോഡിലേക്ക് അഭിമുഖമായിരിക്കുന്ന വാതിലില്ലാത്ത മൂത്രപ്പുരയില്‍നിന്നും ദുര്‍ഗന്ധമൊഴുകുന്നു. രാത്രിയില്‍ റോഡ് ശൗചാലയമാക്കുന്നവരും അനവധി. കുറച്ചകലെയുള്ള ആശുപത്രി ഭൂരിഭാഗവും കയ്യേറി സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നു. 

അഴിമതിയുടെ ഘോഷയാത്രയാണ് ഭരണം. ബംഗാളിനെ ഇളക്കി മറിച്ച, തൃണമൂല്‍ നേതാക്കള്‍ ഒന്നടങ്കം പ്രതിക്കൂട്ടിലായ റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ മണിക് സര്‍ക്കാരിനെതിരെയും ആരോപണമുണ്ട്. 2008 ല്‍ അഗര്‍ത്തലയില്‍ റോസ് വാലിയുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് കമ്പനിയെയും മേധാവി ഗൗതം കുന്ദുവിനെയും മുഖ്യമന്ത്രി പ്രശംസിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിസ്സാര വിലയ്ക്കാണ് പാര്‍ക്കിന് സര്‍ക്കാര്‍ ഭൂമി കൈമാറിയത്. വനവാസികളുടെ ഭൂമി കമ്പനി കയ്യേറിയതിനും കൂട്ടുനിന്നു. സാമൂഹ്യ ക്ഷേമമന്ത്രി ബിജിത നാഥിനെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തു. സംസ്ഥാനത്തുടനീളം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മുഖ്യമന്ത്രിയും സിപിഎമ്മും വഴിവിട്ട സഹായങ്ങള്‍ നല്‍കി. അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടി പതിനായിരത്തിലേറെ അധ്യാപകരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കി. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യമുയര്‍ന്നു. പാര്‍ട്ടി നിയന്ത്രിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേട് കണ്ടെത്തി. അഴിമതിക്കാര്‍ക്ക് സംരക്ഷണമൊരുക്കാനും മുഖ്യമന്ത്രി മുന്നിലുണ്ട്. 

അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന മണിക് സര്‍ക്കാരിനെ പാര്‍ട്ടിയിലെ വിഭാഗീയതയും അലട്ടുന്നുണ്ട്. രണ്ട് തവണയില്‍ക്കൂടുതല്‍ ഒരാള്‍ സ്ഥാനം വഹിക്കരുതെന്ന് ചൂണ്ടിക്കാട്ടി യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം കാരാട്ട് പക്ഷം വെട്ടിയത് മണിക് സര്‍ക്കാരിനെതിരെയും ആയുധമാക്കുന്നുണ്ട്. നാല് തവണ മുഖ്യമന്ത്രിയായ മണിക് മാറിനില്‍ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കേന്ദ്രത്തിലെ വിഭാഗീയതയില്‍ യച്ചൂരിക്കൊപ്പമാണ് മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി ബാദല്‍ ചൗധരി, വനവാസി മേഖലയില്‍നിന്നുള്ള എംപി ജിതേന്ദ്ര ചൗധരി എന്നിവരുടെ ഗ്രൂപ്പുകളാണ് മണിക് സര്‍ക്കാരിനെതിരെ രംഗത്തുള്ളത്. പാര്‍ട്ടിയും ഭരണവും ഒരാളില്‍ കേന്ദ്രീകരിക്കുന്നതാണ് പ്രശ്‌നം. നേതാക്കളെ ഒതുക്കുന്നതായും ഇവര്‍ പറയുന്നു. പ്രാദേശിക തലത്തിലും വിഭാഗീയത ശക്തമായി നിലനില്‍ക്കുന്നു. 

നാളെ:ത്രിപുര ബിജെപി ഭരിക്കും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.