പാതിരാമണല്‍ ദ്വീപ് ജൈവോദ്യാനമാക്കാന്‍ നടപടി തുടങ്ങി

Monday 22 January 2018 9:01 pm IST

 

മുഹമ്മ: പാതിരാമണല്‍ ദ്വീപില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികളിലൂടെ ജൈവോദ്യാനമായി മാറ്റാന്‍ നടപടി ആരംഭിച്ചു. മുഹമ്മ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുന്നത്. കളക്ടര്‍ ടി വി അനുപമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദ്വീപില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുള്‍പ്പെടേയുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. 

 രണ്ട് തവണയാണ് പാതിരാമണല്‍ ദ്വീപിന്റെ നവീകരണത്തിന് തറക്കല്ലിട്ടത്. 1989-ല്‍ നയനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ ആദ്യ നവീകരണ പ്രവര്‍ത്തനത്തിന് തറക്കല്ലിട്ടു. പിന്നീട് വി. എസ്. അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2008-ല്‍ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 

  ജൈവോദ്യാന പാര്‍ക്ക് ശലഭോദ്യാനം കനാലുകളുടെ നവീകരണം,നടപ്പാത എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നടപ്പാത മാത്രമാണ് നിര്‍മ്മിച്ചത്. രണ്ടുതവണയും സ്ഥാപിച്ച ഫലകങ്ങള്‍ കാണാനുമില്ല. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനമല്ല എന്ന് കാണിച്ച് പരിസ്ഥിതി സ്‌നേഹികള്‍ കോടതിയെ സമീപിച്ചതോടെയാണ് ഈ പദ്ധതി അവസാനിച്ചത്. പുതിയ പദ്ധതിയും ഇതേപോലെ അവസാനിക്കില്ലെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.