വിസതട്ടിപ്പ്; മുസ്തഫ നിരവധി കേസില്‍ പ്രതിയെന്ന് സൂചന

Monday 22 January 2018 9:02 pm IST

 

എടത്വാ: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വിസതട്ടിപ്പ് നടത്തിയ സംഘത്തില്‍ പിടിയിലായ മലപ്പുറം തിരൂരങ്ങാടി സ്വദേശി മാളിയേക്കല്‍ മുസ്തഫ നിരവധി കേസില്‍ പ്രതിയെന്ന് സൂചന. ട്രാവല്‍ ഏജന്‍സിയിലൂടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് യുവാക്കളെ വിദേശത്തേയ്ക്ക് കടത്തിയിരുന്ന ആലുവ ചൊവ്വര തൊഴുത്തുവീട്ടില്‍ ഷക്കീര്‍ മുഹമ്മദിന്റെ വലംകൈയ്യായി മുസ്തഫ പ്രവര്‍ത്തിച്ചിരുന്നതായും, വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്‍സികളെ റിക്രൂട്ട് ചെയ്തിരുന്നതും സൂചനയുണ്ട്. 

  തലവടി സ്വദേശിയായ കൊച്ചുവീട്ടില്‍ വിപിനും ഭാര്യ ഷെറിനും മുസ്തഫയുടെ ഏജന്‍സിയില്‍ അംഗമായിരുന്നു. ഷെറിന്‍ മുന്‍കൈയ്യെടുത്താണ് തലവടി സ്വദേശികളായ എട്ട് യുവാക്കളെ ഖത്തറില്‍ എത്തിച്ചത്. തട്ടിപ്പ് മനസ്സിലായതോടെ യുവാക്കള്‍ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ബിഎംഎസ് പ്രവര്‍ത്തകരുടെ ആസൂത്രിത നീക്കമാണ് ഷെറിനെ കൊണ്ട് മുസ്തഫയെ തലവടിയില്‍ എത്തിച്ച് പോലീസിനെകൊണ്ട് പിടിപ്പിച്ചത്. മുസ്തഫയ്‌ക്കൊപ്പം പിടിയിലായ വിപിന്‍ ഷെറിനെ വരുത്തി പണം തിരികെ നല്‍കാമെന്ന് ഏറ്റിരുന്നു. ഷെറിനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. മുസ്തഫയും വിപിനും പിടിയിലായതോടെ ഷെറിനും കടന്നുകളഞ്ഞതായാണ് സൂചന. നൂറുകണക്കിന് യുവാക്കള്‍ തിരിച്ചുവരാന്‍ മാര്‍ഗമില്ലാതെ ഖത്തറില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. തലവടി, എടത്വാ സ്വദേശികളെ നാട്ടില്‍ എത്തിക്കാന്‍ ഖത്തര്‍ മലയാളി അസോസിയേഷന്‍ ശ്രമം ആരംഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.