സിപിഎം പിളര്‍പ്പിലേക്കോ?

Tuesday 23 January 2018 2:45 am IST
കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയരേഖയ്ക്ക് 55 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ അടവുനയരേഖ പൂര്‍ണ്ണമായും തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനത്ത് തുടരുക എന്ന ദയനീയ അവസ്ഥയാണ് യെച്ചൂരിക്ക്. പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്

അതിദയനീയമായ അവസ്ഥയിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ സിപിഎം നേതാക്കളും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്ട്രീയ അടവുനയരേഖ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയ സാഹചര്യത്തില്‍ യെച്ചൂരിക്കും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ക്കും പുറത്തേക്കുള്ള വാതില്‍ തുറന്നു കാട്ടുകയാണ് കേരള ഘടകം.  വരുംനാളുകളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുന്ന നീക്കങ്ങളാണ് കൊല്‍ക്കത്തയില്‍ സമാപിച്ച കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകം സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി ബംഗാള്‍ നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമാകുന്നു എന്നുതന്നെപറയാം. 

കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയരേഖയ്ക്ക് 55 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ അടവുനയരേഖ പൂര്‍ണ്ണമായും തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനത്ത് തുടരുക എന്ന ദയനീയ അവസ്ഥയാണ് യെച്ചൂരിക്ക്. പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. 

പിണറായി വിജയനും കൂട്ടരും കോണ്‍ഗ്രസ് സഖ്യത്തിനെതിരായ കാരാട്ടിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതില്‍ ബംഗാള്‍ ഘടകത്തിന് വലിയ രോഷമാണുള്ളത്. കേന്ദ്രകമ്മറ്റിയില്‍ പാസായ നയരേഖയെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, അതു പോയി തിരുവനന്തപുരത്തെ എകെജി സെന്ററില്‍ ചോദിക്കാനായിരുന്നു പി.ബി. അംഗവും മുന്‍ ബംഗാള്‍ സെക്രട്ടറിയുമായ ബിമന്‍ ബോസിന്റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും ബിജെപി അതിശക്തമായി ഉയര്‍ന്നുവരുന്നത് കേരള ഘടകം കണക്കിലെടുക്കുന്നില്ല എന്നതാണ് അവരുടെ രോഷത്തിന് കാരണം. സാക്ഷരതയില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടി എന്ന യെച്ചൂരിയുടെ പരാമര്‍ശവും ഇതിന്റെ അടിസ്ഥാനത്തിലാണ്. 

കേരള ഘടകത്തില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിക്കൊപ്പം, കോണ്‍ഗ്രസ് സഖ്യമാകാമെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള കുറച്ചുനേതാക്കളെക്കൂടി ഒപ്പംനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയ്ക്കു വയ്ക്കാനുള്ള ശ്രമം യെച്ചൂരി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ പരമാധികാര ബോഡിയെന്ന നിലപാട് യെച്ചൂരി ആവര്‍ത്തിക്കുന്നതും അതിനാലാണ്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും കേരള ഘടകം തയ്യാറാവാതെ തുടരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ത്രിപുരയിലെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരും. പാര്‍ട്ടിയുടെ പിളര്‍പ്പിനുതന്നെ ഇതു വഴിവെച്ചേക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.