ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരം 26ന് തുടങ്ങും, ഭാഗവത് പങ്കെടുക്കും

Tuesday 23 January 2018 2:50 am IST

പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ മണ്ഡല്‍ ഉപരി കാര്യകര്‍തൃ ശിബിരം 26മുതല്‍ 28 വരെ കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടക്കുമെന്ന് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വയംസേവകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മൂന്നു ദിവസവും ശിബിരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

2004 ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ കാര്യകര്‍തൃ ശിബിരം നടക്കുന്നത്. സംസ്ഥാനത്തെ 37 സംഘജില്ലകളിലെ 1600 മണ്ഡലങ്ങളില്‍ നിന്നായി 7000 ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും. 26ന് രാവിലെ വ്യാസ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണതന്ത്രദിന പരിപാടിയില്‍  (റിപ്പബ്ലിക്ക് ദിനം) സര്‍ സംഘചാലക് ദേശീയ പതാകയുയര്‍ത്തി  സന്ദേശം നല്‍കും. രാവിലെ 9ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം മോഹന്‍ ഭാഗവത് നിര്‍വഹിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. 

27ന് വൈകിട്ട് സ്വയംസേവകരുടെ പഥസഞ്ചലനം വിദ്യാപീഠ മൈതാനിയില്‍ നിന്ന് ആരംഭിക്കും. അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് മുകുന്ദ, അഖില ഭാരതീയ സഹ സേവാപ്രമുഖ് ഗുണവന്ത് സിങ് കോഠാരി, മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി, അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര സംഘചാലകന്‍ ഡോ. വന്നിയരാജന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ശിബിരത്തില്‍ പങ്കെടുക്കും. സഹ പ്രാന്തകാര്യവാഹക് പി.എന്‍. ഈശ്വരന്‍, സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ. കെ. ശശികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.