സിപിഎം സമ്മേളനത്തിനായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

Tuesday 23 January 2018 2:50 am IST

തൃശൂര്‍: സിപിഎമ്മിന്റെ തൊഴിലാളിവര്‍ഗ സ്‌നേഹം മുദ്രാവാക്യത്തില്‍ മാത്രമെന്ന് തെളിഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിനായി വഴിയോര കച്ചവടക്കാരെപ്പോലും കുടിയൊഴിപ്പിച്ചു. ഒട്ടേറെപ്പേരുടെ അന്നം മുട്ടിച്ചശേഷം ഫുട്പാത്ത് കൈയേറി ഓഫീസ് മോടിപിടിപ്പിച്ചു. തൃശൂരില്‍ ഫെബ്രുവരി 22 മുതലാണ് സമ്മേളനം. 

എംജി റോഡില്‍ ബ്രഹ്മസ്വം മഠത്തിന്റെ കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് തുറന്നത്. ഈ ഭാഗത്തുണ്ടായിരുന്ന മലയാളികളും തമിഴരുമായ മുഴുവന്‍ തട്ടുകടക്കാരെയും ഇതിനായി ഒഴിപ്പിച്ചു. കോര്‍പ്പറേഷന്‍ അധികൃതരാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെന്ന് കച്ചവടക്കാരിലൊരാള്‍ പറഞ്ഞു. കച്ചവടം നിലച്ചതോടെ ഇവര്‍ കൂലിപ്പണിക്ക് പോകുകയാണ്. വിലക്കുറവില്‍ ഭക്ഷണം ലഭിക്കുമെന്നതിനാല്‍ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ നിത്യവുമെത്താറുള്ളത്. അന്നം മുട്ടിയ അവരും മറ്റിടങ്ങള്‍ തേടുകയാണ്.

ഫുട്പാത്തിന്റെ, സ്വാഗതസംഘം ഓഫീസിനു മുന്നിലുള്ള ഭാഗത്ത് മാത്രം കോര്‍പ്പറേഷന്‍ തിരക്കിട്ട് ടൈല്‍ പാകി വൃത്തിയാക്കി. ഫുട്പാത്ത് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇവിടെ ഫുട്പാത്ത് കൈയേറി സിപിഎം പ്രവര്‍ത്തകര്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ചു. തിരക്കേറിയ സമയത്ത് കാല്‍നടയാത്രക്കാര്‍ക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ടായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.