ഫെഡറര്‍ ക്വാര്‍ട്ടറില്‍; ദ്യോക്കോവിച്ച് പുറത്ത്

Tuesday 23 January 2018 2:45 am IST

മെല്‍ബണ്‍: ആറുതവണ ചാമ്പ്യനായ നൊവാക്ക് ദ്യോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. അതേസമയം നിലവിലെ ചാമ്പ്യനായ  റോജര്‍ ഫെഡററുടെ കുതിപ്പ് തുടരുകയാണ്. അനായാസ വിജയവുമായി ക്വാര്‍ട്ടറിലെത്തി.

മെല്‍ബണില്‍ വീണ്ടും കിരീടമോഹവുമായെത്തിയ ദ്യോക്കോവിച്ചിനെ ദക്ഷിണ കൊറിയയുടെ ചുങ് ഹിയോണ്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. ലോക 58-ാം റാങ്കുകരനായ ചുങ് 7-6 (4), 7-5, 7-6 (3) എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. സെമിഫൈനലിലേക്ക് വഴി തുറക്കുന്ന പോരാട്ടത്തില്‍ ചുങ് സീഡുചെയ്യപ്പെടാത്ത അമേരിക്കയുടെ ടെന്നിസാന്‍ഡ്ഗ്രനെ നേരിടും. അഞ്ചു സെറ്റ് നീണ്ട് ശക്തമായ പോരട്ടത്തില്‍ അഞ്ചാം സീഡ് ഡൊമിനിക്ക് തീമിനെ അട്ടിമറിച്ചാണ് ടെന്നിസ് ക്വാര്‍ട്ടില്‍ ചുങ്ങിനെ എതിരിടാന്‍ യോഗ്യത നേടിയത്. 6-2, 4-6 , 7-6 (4), 6-7(7), 6-3.

ഇരുപതാം ഗ്രാന്‍്ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍ ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിക്ക്‌സിനെ 6-4, 7-6 (7-3) , 6-2 ന് തോല്‍പ്പിച്ചു. ഫെഡറര്‍ ക്വാര്‍ട്ടറില്‍ തോമസ് ബര്‍ഡിച്ചുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇത് അഞ്ചാം തവണയാണ് ഈ താരങ്ങള്‍ ഏറ്റുമുട്ടുന്നത്. നേരത്തെ നാലു തവണ പോരടിച്ചപ്പോഴും വിജയം ഫെഡറര്‍ക്കൊപ്പം നിന്നു.

ചെക്ക് താരമായ ബര്‍ഡിച്ച് നാലാം റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ അനായാസം തോല്‍പ്പിച്ചു. 6-1, 6-4, 6-4.

ആദ്യ ഗ്രാന്‍ഡ്്സ്ലാം കിരീടമോഹവുമായി മെല്‍ബണില്‍ പോരാടുന്ന വനിതകളുടെ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലേപ്പ്് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാലാം റൗണ്ടില്‍ ജപ്പാന്റെ നവോമി ഒസാക്കയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-3, 6-2.

അമേരിക്കയുടെ മാഡിസണ്‍ കീസും കുതിപ്പ് തുടരുകയാണ്. ഫ്രാന്‍സിന്റെ എട്ടാം സീഡായ കരോലിന ഗാര്‍ഷ്യയെ 68 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. 6-3, 6-2.

മുന്‍ ചാമ്പ്യന്‍ ഏയ്ഞ്ചലിക് കെര്‍ബറാണ് ക്വാര്‍ട്ടറില്‍ മാഡിസണ്‍ കീസിന്റെ എതിരാളി. കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ലോക 88-ാം റാങ്കുകാരിയായ ഹീ സു വീയെ തോല്‍പ്പിച്ചു. 4-6,7-5, 6-2.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.