'ധാര' ചിത്രപ്രദര്‍ശനം തുടങ്ങി

Tuesday 23 January 2018 2:00 am IST
പ്രപഞ്ചത്തിലെ കാഴ്ചകളും വിഹ്വലതകളും കണ്ണീരും യാഥാര്‍ത്ഥ്യങ്ങളും സ്വപ്‌നങ്ങളും വിരല്‍ത്തുമ്പില്‍ നിശബ്ദമായി സംവദിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഐതിഹ്യ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന 'ധാര' എന്ന ചിത്രപ്രദര്‍ശനത്തില്‍.

 

കോട്ടയം: പ്രപഞ്ചത്തിലെ കാഴ്ചകളും വിഹ്വലതകളും കണ്ണീരും യാഥാര്‍ത്ഥ്യങ്ങളും സ്വപ്‌നങ്ങളും വിരല്‍ത്തുമ്പില്‍ നിശബ്ദമായി സംവദിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഐതിഹ്യ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന 'ധാര' എന്ന ചിത്രപ്രദര്‍ശനത്തില്‍. 

കാഴ്ചകളില്‍ വന്നു നിറയുന്ന അസ്വസ്ഥതകളെ വര്‍ണ്ണങ്ങളില്‍ ചാലിച്ചു നമുക്ക് സമ്മാനിക്കുന്നു.അനുവാചകന്റെ മനോനിലയ്ക്ക് അനുസരിച്ച് അതിനെ നിരൂപിക്കാം.വിമര്‍ശത്തിന്റെ ചാട്ടുളിയാകാം,നിശബ്ദമായ പ്രതിഷേധമാകാം അങ്ങനെ കാഴ്ചക്കാരന് ഇഷ്ടമുള്ള കളളിയില്‍പ്പെടുത്തി അതിനെ വിലയിരുത്താം.

ജോലിയുള്ളവര്‍, അടുത്തൂണ്‍ പറ്റി വിശ്രമജീവിതം നയിക്കുന്നവര്‍,കുടുംബിനികള്‍,ഡോക്ടര്‍മാര്‍ ഇവരോക്കെ തങ്ങളുടെ സര്‍ഗവാസനകളെ കണ്ടെത്തുകയാണ്.ആദ്യം ഒരു കൗതുകത്തിന് പിന്നെ മെല്ലെ ചിത്രരചനയുടെ ഗൗരവത്തിലേക്ക് പിച്ചവെച്ചവര്‍ തങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ചിത്രരചനാവാസനകളെ കണ്ടെത്തിയ സന്തോഷത്തിലാണ്. വാട്ടര്‍ കളറില്‍ വരച്ച ചിത്രങ്ങളാണ് ഏറെയും. 20 പേരുടെ  111 ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ജീവിതത്തിരക്കിനിടയില്‍ മറന്നു പോയ ചിത്രരചനാ പാടവത്തെ പൊടിതട്ടി എടുക്കുകയാണ് ഇവര്‍. ഇവരില്‍ പാട്ടുകാരുണ്ട്,വീട്ടമ്മയുണ്ട്,അദ്ധ്യാപികയുണ്ട്,ഡോക്ടറുണ്ട്,സര്‍ക്കാര്‍ ജോലിക്കാരുണ്ട്.കൊട്ടാരത്തില്‍ ശങ്കണ്ണി സ്മാരക ആര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പദ്മ രാമചന്ദ്രന്‍,ഷൈല,ജയലക്ഷ്മി സുനില്‍,സുനില്‍. സി,ശുഭ.എസ്.നാഥ് എന്നിവര്‍ തങ്ങളുടെ ചിത്രകലയേക്കുറിച്ചു വര്‍ണ്ണിക്കുമ്പോള്‍ വാചാലമാകുന്നു. 21ന് തുടങ്ങിയ പ്രദര്‍ശനം 28ന് സമാപിക്കും. രാവിലെ 10ന് പ്രദര്‍ശനം ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.