ചെങ്ങന്നൂരില്‍ മാണിയുമായി അടവുനയത്തിന് സിപിഎം

Tuesday 23 January 2018 2:50 am IST

ആലപ്പുഴ: കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ സാധ്യത. 

മുന്നണിയേയല്ല സ്ഥാനാര്‍ത്ഥിയെയാകും പിന്തുണയ്ക്കുകയെന്ന സ്വതന്ത്ര നിലപാടായിരിക്കും മാണി  പ്രഖ്യാപിക്കുക. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ചില പ്രദേശങ്ങളില്‍ സ്വാധീനമുള്ള മാണി വിഭാഗത്തെ എങ്ങിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം ഇതിനകം തന്നെ സിപിഎം തുടങ്ങിക്കഴിഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ പിന്തുണയ്ക്കാമെന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് നീക്കുപോക്കുകള്‍. യുഡിഎഫ് കാലങ്ങളായി പ്രതിനിധീകരിച്ചിരുന്ന ചെങ്ങന്നൂര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഎസ് പക്ഷക്കാരനായ രാമചന്ദ്രന്‍ നായരെ രംഗത്തിറക്കിയാണ് സിപിഎം തിരിച്ചു പിടിച്ചത്. 

ഔദ്യോഗിക പക്ഷക്കാരനായ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പോലും പരാജയപ്പെട്ട ഇവിടെ രാമചന്ദ്രന്‍ നായരുടെ വന്‍ വിജയം സിപിഎമ്മിനെ പോലും ഞെട്ടിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിഎസ് പക്ഷക്കാരെ മത്സരിപ്പിക്കാനുള്ള സാധ്യത തീരെ കറവാണ്. വിഎസ് പക്ഷക്കാരിയായ സി.എസ്. സുജാതയുടെ പേരുയരുന്നുണ്ടെങ്കിലും നേരത്തെ മത്സരിച്ച് പരാജയപ്പെട്ടത് ന്യൂനതയായി മറുപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. പ്രഭാ വര്‍മ്മയുടെ’ പേരും കേള്‍ക്കുന്നുണ്ട്.

സിപിഎമ്മിന്റെ കോട്ടയം, ഇടുക്കി ജില്ലാ സമ്മേളനങ്ങളില്‍ മാണി വിഭാഗത്തെ സഹകരിപ്പിക്കണമെന്ന വികാരമാണ് പൊതുവെ ഉയര്‍ന്നത്. അതിനാല്‍ ബാര്‍ കോഴക്കേസില്‍ പ്രതിയായ മാണിയേയും കൂട്ടരുടെയും പിന്തുണ തേടുന്നതില്‍ സിപിഎമ്മിനുള്ളിലും വലിയ എതിര്‍പ്പുയരാനിടയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.