കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് ക്ഷാമം നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി

Tuesday 23 January 2018 2:00 am IST
ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമായതോടെ നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക്.ആവശ്യത്തിന് കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭിക്കാത്തതോടെ കരാറുകാരും പ്രതിസന്ധിയിലാണ്.

 

കോട്ടയം: ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമമായതോടെ നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക്.ആവശ്യത്തിന് കരിങ്കല്‍ ഉത്പന്നങ്ങള്‍ ലഭിക്കാത്തതോടെ കരാറുകാരും പ്രതിസന്ധിയിലാണ്.സ്വകാര്യ കരാറുകാരും സര്‍ക്കാര്‍ കരാറുകാരും തുടങ്ങിയ നിര്‍മ്മാണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കരാറുകാരും ഗുണഭോക്താക്കളും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ വിലയും ഇരട്ടിയായി വര്‍ദ്ധിച്ചു.

 

ജില്ലയില്‍ 30 ചെറുകിട ക്വാറികള്‍ പൂട്ടി

ജില്ലയില്‍ 30 ക്വാറികളാണ് പൂട്ടിയത്.ചെറുകിട ക്വാറികള്‍ പൂട്ടിയതോടെ വന്‍കിട ക്വാറി ഉടമകള്‍ വില വര്‍ദ്ധിപ്പിച്ച് അമിതലാഭം കൊയ്യുകയാണ്.വ്യാജ പരിസ്ഥിതി സംഘടനകളും വന്‍കിട ക്വാറി ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ചെറുകിട ക്വാറികളെ തകര്‍ക്കുന്നതെന്നാണ് ചെറുകിട ക്വാറി ഉടമകള്‍ ആരോപിക്കുന്നത്.ക്വാറി വിരുദ്ധ സമരത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതും വന്‍കിട ക്വാറി ഉടമകളാണെന്നാണ് ആക്ഷേപം.

ജില്ലാ ഭരണകൂടം നിസംഗതയില്‍

ജില്ലയില്‍ നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലായിട്ടും ജില്ലാ ഭരണകൂടം നിസംഗത പുലര്‍ത്തുന്നതായി പരാതി ഉയരുന്നു.ചര്‍ച്ച ചെയ്തു തീര്‍ക്കാവുന്നതാണ് ചെറുകിട ക്വാറി വിരുദ്ധ സമരം.എന്നാല്‍ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും കളക്ടര്‍ അടക്കമുള്ളവര്‍ ഇടപെടുന്നില്ല.പദ്ധതി നിര്‍വ്വഹണത്തില്‍ വളരെ പിറകോട്ടു പോയിട്ടും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും ഇതൊന്നും അറിഞ്ഞമട്ടില്ല

വില കുത്തനെ ഉയര്‍ന്നു

ക്വാറി ഉത്പന്നങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു.അമിത വില കൊടുക്കാന്‍ കരാറുകാര്‍ തയ്യാറാണെങ്കിലും സാധനങ്ങളുടെ ദൗര്‍ലഭ്യം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. 

കരിങ്കല്ലിന് ഒരു ക്യുബിക്ക് അടിക്ക് പഴയ വില 20 മുതല്‍ 32 വരെയായിരുന്നു. ഇപ്പോള്‍ 40 മുതല്‍ 45 വരെയാണ്, എംസാന്റ് പഴയ വില 40 മുതല്‍ 45 വരെ ഇപ്പോള്‍ 60 മുതല്‍ 65 വരെ,പ്ലാസ്റ്ററിങിനുള്ള എംസാന്റ് പഴയ വില 60 ഇപ്പോള്‍ 80,മെറ്റില്‍ പഴയ വില 28 ഇപ്പോള്‍ വില 45. അമിതവില നല്‍കേണ്ടി വരുന്നുവെന്ന് മാത്രമല്ല ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് ലഭിക്കുന്നതെന്ന് കരാറുകാര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.