വിവാഹ രജിസ്‌ട്രേഷന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് മതി: ഹൈക്കോടതി

Monday 22 January 2018 10:24 pm IST

കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിങ്ങ് മുഖേന വധൂവരന്മാര്‍ സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നും ദമ്പതികള്‍ ഇതിന് നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാറുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമത്തിനും മാറ്റമുണ്ടാകണമെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു. നേരിട്ട് ദമ്പതികള്‍ ഹാജരാകണമെന്ന വ്യവസ്ഥ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറണം. സാമൂഹ്യ താല്പര്യങ്ങള്‍ക്ക് നിയമം എതിരാകുന്നത് പുരോഗതിക്ക് തടസമാകും. 

കോടതികള്‍ പല കേസുകളിലും വീഡിയോ കോണ്‍ഫറന്‍സിങ്ങ് മുഖേന വിചാരണ നടത്തുന്നുണ്ട്. നേരിട്ട് ഹാജരാകുന്നുവെന്ന് വിലയിരുത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഈ സാഹചര്യത്തില്‍ വിവാഹ രജിസ്‌ട്രേഷനും വീഡിയോ കോണ്‍ഫറന്‍സിങ്ങ് സാധ്യമാണ്. ഈ സംവിധാനത്തിലൂടെ ദമ്പതികളുടെ സമ്മതം രജിസ്‌ട്രേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് തേടാന്‍ കഴിയും. ഹര്‍ജിക്കാര്‍ക്കു വേണ്ടി രജിസ്റ്ററില്‍ ഒപ്പു വെക്കാന്‍ ഇരുവരുടെയും പിതാക്കന്മാര്‍ക്ക് അനുവാദം നല്‍കുകയും വേണമെന്ന് വിധിന്യായത്തില്‍ പറയുന്നു. 

മതാചാര പ്രകാരം നേരത്തെ വിവാഹിതരായെങ്കിലും അമേരിക്കയിലെത്തി വിസ മാറ്റത്തിന് ശ്രമിക്കുമ്പാള്‍ ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടര്‍ന്ന് കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവര്‍ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിന് അപേക്ഷിക്കണമെങ്കില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി നാട്ടിലേക്ക് വന്നാല്‍ തിരിച്ച് യുഎസിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നും കാണിച്ച് ഇരുവരും നല്‍കിയ അപേക്ഷ കൊല്ലം കോര്‍പ്പറേഷനില്‍ വിവാഹ രജിസ്‌ട്രേഷന്റെ ചുമതലയുള്ള ഓഫീസര്‍ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പ്രദീപ് തന്റെ പിതാവ് ക്ലീറ്റസ് മുഖേനയും ബെറില്‍ തന്റെ പിതാവ് ജോര്‍ജ് മുഖേനയുമാണ് അപേക്ഷ നല്‍കിയത്. തങ്ങള്‍ക്കു വേണ്ടി രജിസ്റ്ററില്‍ ഒപ്പു വെക്കാന്‍ ഇരുവരെയും അധികാരപ്പെടുത്തുന്ന സാക്ഷ്യപത്രവും നല്‍കി. എന്നാല്‍ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തിലെ വ്യവസ്ഥ പ്രകാരം ദമ്പതികള്‍ നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്‍ അപേക്ഷ നിരസിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.