ജന്മദിനാശംസകള്‍ ഏറ്റുവാങ്ങി സുഗതകുമാരി

Tuesday 23 January 2018 2:30 am IST
സുഗതകുമാരിയുടെ വസതിയായ വരദ ഇന്നലെ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആയിരം പൂര്‍ണ്ണ ചന്ദ്രമാരെക്കണ്ട സുഗതകുമാരിക്ക് ജന്മദിനാശംസകള്‍ നേരാന്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ വരെ. ബുദ്ധന്റെ പ്രതിമയായിരുന്നു അദ്ദേഹത്തിന്റെ സമ്മാനം

തിരുവനന്തപുരം: 'ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി' എന്ന ഗാനം ഗായകന്‍ ജി. വേണുഗോപാല്‍ ആലപിച്ചപ്പോള്‍ ഗായകന്‍ എം ജി. ശ്രീകുമാറിന്റേതായി ടാഗോറിന്റെ 'തേജോ മമ തേജോ മമ, ഭുവനാ പൂരക തേജോ...' എന്ന വന്ദന ശ്ലോകം. അത്താണിയിലെ കുട്ടികളില്‍ രണ്ടു വയസ്സുകാരന്‍ അഹമ്മദും ഒന്നര വയസ്സുകാരി ഗൗരിയും ജന്മദിനാശംസാ പുഷ്പങ്ങള്‍ നല്‍കിയപ്പോള്‍ പ്രായം മറന്ന് ശതാഭിഷേക ആഘോഷങ്ങളില്‍ മുഴുകി കവി സുഗതകുമാരി. ശതാഭിഷേകത്തിന് ജന്മദിനാശംകള്‍ നേരാനെത്തിയവരോട് കവിക്ക് ഒന്നേ പറയാനുള്ളൂ.... നേരിന്റെ നല്ലപാഠങ്ങള്‍ പകര്‍ന്ന് നല്‍കണം. 

സുഗതകുമാരിയുടെ  വസതിയായ വരദ ഇന്നലെ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ആയിരം പൂര്‍ണ്ണ ചന്ദ്രമാരെക്കണ്ട സുഗതകുമാരിക്ക് ജന്മദിനാശംസകള്‍ നേരാന്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ വരെ. ബുദ്ധന്റെ പ്രതിമയായിരുന്നു അദ്ദേഹത്തിന്റെ സമ്മാനം.

    തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ ചേര്‍ന്ന് രാവിലെ ശതാഭിഷേക ആശംസകള്‍ ആലേഖനം ചെയ്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചു. ആറന്മുള കണ്ണാടിയുമായാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ഒഎന്‍വി കുറുപ്പിന്റെ ഭാര്യ സരോജിനി, മകന്‍ രാജീവ്, മകള്‍ അപര്‍ണ്ണ തുടങ്ങിയവര്‍ എത്തി. 

കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ചിന്മയ വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ആശംസകള്‍ അര്‍പ്പിക്കാനും അനുഗ്രഹം വാങ്ങാനും എത്തിയിരുന്നു. എല്ലാവര്‍ക്കും ലളിതമായ സദ്യയും പായസവും നല്‍കിയാണ് കവയത്രി യാത്രയാക്കിയത്.

 

സുഗതകുമാരിയുടെ തറവാട് പുരാവസ്തു വകുപ്പ് സംരക്ഷിക്കും

 

തിരുവനന്തപുരം: സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട്ടുവീട് പുരാവസ്തു വകുപ്പ് സംരക്ഷിക്കും. ഉത്തരവ് ശതാഭിഷേക ആശംസ നേരാന്‍ എത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സുഗതകുമാരിക്ക് കൈമാറി. സുഗതകുമാരിയുടെ തറവാട് ഏറ്റെടുത്ത് അമൂല്യസ്വത്തായി സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.