ശിവക്ഷേത്ര ഉത്സവം കൊടിയേറി

Tuesday 23 January 2018 2:00 am IST

കൊച്ചി: ആയിരം കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശിവമന്ത്രിധ്വനികളുടെയും വായ്ക്കുരവകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ എറണാകുളത്തപ്പന്റെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ചേന്നാസ് ചെറിയനാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഇന്നലെ രാത്രി ഏഴുമണിക്കായിരുന്നു കൊടിയേറ്റ്. ഇനിയുള്ള ഏഴുനാളുകള്‍ ഭക്തിയുടെ ഉത്സവലഹരിയിലാകും എറണാകുളം നഗരം.

ഇന്നലെ രാവിലെ ആരംഭിച്ച കാഴ്ചശീവേലിയോടെയാണ് ഉത്സവത്തിന്റെ ആദ്യ ദിനത്തിന് തുടക്കം കുറിച്ചത്. പെരുവനം കുട്ടന്‍മാരാരും സംഘവും മേളം അവതരിപ്പിച്ചു. ഗജവീരന്‍ പാമ്പാടി രാജനാണ് കോലം എഴുന്നെള്ളത്തിന് തിടമ്പേറ്റിയത്. വൈകിട്ട് മനയപ്പറമ്പ് തറവാട്ടില്‍ നിന്നുകൊണ്ടുവന്ന കൊടിക്കയറിന് വരവേല്‍പ്പ് നല്‍കി. ഏഴുമണിക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ചെറിയ നാരായണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ഹരിനമ്പൂതിരി, ദേവസ്വം ബോര്‍ഡ്്്‌മെമ്പര്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍  എം.എം ഉഷാകുമാരി, ദേവസ്വം ഓഫീസര്‍ കെ.രാമകൃഷ്ണന്‍, ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. 

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ശിവക്ഷേത്രമെന്നാണ് ചരിത്രം. ഋഷിനാഗകുളത്തപ്പനാണ് എറണാകുളത്തപ്പനായി ഇന്നറിയപ്പെടുന്നത്. എട്ടു ദിനങ്ങള്‍ നീളുന്ന വിപുലമായ ഉത്സവത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ന് ഗജരാജന്‍ മംഗലാംകുന്ന്  അയ്യപ്പനാണ് കോലം എഴുന്നള്ളിക്കുന്നത്. രാവിലെയും വൈകിട്ടും കാഴ്ചശീവേലി. ചെറുശ്ശേരി കുട്ടന്മാരാര്‍ മേളപ്രമാണിയാകും. നൃത്ത അരങ്ങേറ്റവും സംഗീതക്കച്ചേരിയും ഓട്ടന്‍തുള്ളലും തായമ്പകയും നൃത്തനൃത്യങ്ങളും മേജര്‍സെറ്റ് കഥകളിയും ഉണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.