തെറ്റായ പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ വായിച്ചില്ല: ഗവര്‍ണ്ണറെ കേന്ദ്ര വിരുദ്ധനാക്കാന്‍ ശ്രമം

Monday 22 January 2018 10:54 pm IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണ്ണറെക്കൊണ്ട് കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കാനും പച്ചക്കള്ളങ്ങള്‍ പറയിക്കാനും പിണറായി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ നീക്കം മനസിലായ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ പ്രസംഗത്തിലെ ഇത്തരം ഭാഗങ്ങള്‍ വായിച്ചില്ല.

ചൈനയെ പാടിപ്പുകഴ്ത്തുന്നതാണ് പ്രസംഗം.  സംസ്ഥാനത്ത് ചില വര്‍ഗ്ഗീയ സംഘടനകള്‍ ലഹളയ്ക്ക് ആസൂത്രണം  ചെയ്തിരുന്നു. എന്നാല്‍  ഒരു ലഹളകളും ഉണ്ടായില്ല എന്നായിരുന്നു നയപ്രഖ്യാപനത്തില്‍ . ഈ പരാമര്‍ശം ഗവര്‍ണ്ണര്‍ തിരുത്തി വര്‍ഗ്ഗീയ കലാപങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നുമാത്രം വായിച്ചു. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ ചിതയിലെ തീ അണയും മുന്‍പാണ് കേരളത്തില്‍ ക്രമസമാധാനം  ഭദ്രമെന്ന് സര്‍ക്കാര്‍ പ്രസംഗത്തില്‍ എഴുതിവെച്ചത്. 

ഗ്രാമ വികസനത്തിന് ഊന്നല്‍ നല്‍കി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി കേന്ദ്രം കൈ കോര്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്  ഇഷ്ടപ്പെടുന്നില്ല. ഇതിനെതിരെയായിരുന്നു അടുത്ത പരാമര്‍ശം. സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച്, സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ട് ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നു എന്നായിരുന്നു അച്ചടിച്ച് നല്‍കിയത്. എന്നാല്‍  ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിച്ചുവെന്ന  പരാമര്‍ശം ഗവര്‍ണ്ണര്‍ ഒഴിവാക്കി.

ചില വര്‍ഗ്ഗീയ സംഘടനകള്‍ ചില നിസ്സാര കാരണങ്ങളാല്‍ രാജ്യത്താകമാനം ഒരു മാസക്കാലം പ്രചരണം നടത്തിയെന്നും കേരളീയര്‍ ഒന്നടങ്കം ഈ പ്രചാരണത്തിനെതിരെ ഹാഷ്ടാഗോടെ പ്രതികരിച്ചതായും പ്രഖ്യാപനത്തില്‍ പറയുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞ ഗവര്‍ണ്ണറെക്കൊണ്ട് ആ പ്രസംഗം തിരുത്തിക്കാനായിരുന്നു ഈ പരാമര്‍ശം.

ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പകച്ച് നിന്നപ്പോള്‍ രക്ഷകരായത് കേന്ദ്ര സര്‍ക്കാരായിരുന്നു. എന്നാല്‍ നയപ്രഖ്യാപനത്തില്‍ കുറ്റം മുഴുവനും കേന്ദ്രത്തിന്. ദുരന്തനിവരാണത്തില്‍  സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ബഹു ഭൂരിപക്ഷംപേര്‍ക്കും ആശ്വാസം എത്തിക്കാനായി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യോമ നാവിക സേനകള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിട്ടും വളരെയധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ലെന്നും പ്രഖ്യാനത്തില്‍ പറയുന്നു. നിക്ഷേപ സൗഹൃദത്തിലും സാമ്പത്തിക വളര്‍ച്ചിയിലും ചൈനയെ ഏതു നിമിഷവും ഇന്ത്യ മറികടക്കാമെന്നിരിക്കെ സംരഭകത്വ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും  ചൈനയെ കണ്ട് പഠിക്കണം എന്നാണ് നയപ്രഖ്യാപത്തില്‍. 

 സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ച്  ഒരു നയവുമില്ലാതെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കൂടുതലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ജനക്ഷേമ പദ്ധതികളെ സംബന്ധിച്ചായിരുന്നു. ദീര്‍ഘശ്വാസം വലിക്കുന്ന കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തെ സംബന്ധിച്ച് കാര്യമായി ഒന്നും പ്രതിപാദിച്ചതുമില്ല. നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ വായിക്കാത്ത ഭാഗം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.