ശ്യാം പ്രസാദിന്റെ കൊലപാതകം: എസ്ഡിപിഐ ഉന്നത നേതൃത്വത്തിന്റെ അറിവോടെ : കെ.സുരേന്ദ്രന്‍

Monday 22 January 2018 11:10 pm IST

 

കണ്ണവം: ആര്‍എസ്എസ് കണ്ണവം ശാഖാ ശിക്ഷക് ശ്യാം പ്രസാദിന്റെ കൊലപാതകം എസ്ഡിപിഐ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും സംഭവം പിടിയിലായ നാല് പ്രതികളില്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നുണ്ടെന്നും ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

അക്രമം നടക്കുമെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ കടുത്ത വീഴ്ചയാണ് എസ്ഡിപിഐ സംഘം ആര്‍എസ്എസ്പ്രവര്‍ത്തകനായ യുവാവിനെ വെട്ടിക്കൊല്ലാന്‍ കാരണമായത്. കണ്ണവത്ത് പ്രകോപനപരമായ രീതിയില്‍ പ്രകടനം നടത്തുകയും വെള്ളിയാഴ്ച ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ തലവെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും കണ്ണവം പോലീസ് ഇതിനെതിരെ നടപടി സ്വീകരിച്ചില്ല.

ഇതിന്റെ പിറ്റേദിവസം ഒരു സ്‌കൂള്‍ പരിസരത്തുനിന്നും ആയുധങ്ങള്‍ കണ്ടുകിട്ടിയെങ്കിലും പോലീസ് ഇത് ആരെയു അറിയിക്കാതെ മുക്കുകയായിരുന്നു. കണ്ണവത്തെ പ്രധാനപ്പെട്ട റോഡുകള്‍, മുസ്ലീം കേന്ദ്രങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കി ശ്യാംപ്രസാദിന്റെ വീട്ടിലേക്കുള്ള റോഡില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സംഭവവും ദുരൂഹതക്ക് കാരണമായിട്ടുണ്ട്. 

ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിച്ച പോലീസ് കണ്ണവത്തെ മതതീവ്രവാദികളുടെ കേന്ദ്രമായ ലത്തീഫിയ സ്‌കൂള്‍ പരിസരത്ത് ക്യാമറ സ്ഥാപിച്ചിട്ടില്ല. ഇതില്‍നിന്നെല്ലാം പോലീസ് അക്രമികള്‍ക്ക് ഒത്താശനല്‍കിയെന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തില്‍ ഏറെ ദുരൂഹതയുമുണ്ട്. അക്രമത്തില്‍ പങ്കെടുത്ത നാല് പ്രതികളെ മാത്രം പിടികൂടി ഗൂഢാലോചനയില്‍ പങ്കെടുത്തവരെ ഒഴിവാക്കാനുള്ള നീക്കവും ഉന്നത കേന്ദ്രങ്ങളില്‍നിന്ന് നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. 

സിപിഎംഒത്താശയോടെയാണ് ഈ മേഖലയില്‍ മുസ്ലീം മത തീവ്രവാദികള്‍ അഴിഞ്ഞാടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്റെ എറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ സുകുമാരന്‍ ശ്യാമപ്രസാദിന്റെ വീടിന് തൊട്ടടുത്തെത്തിയിട്ടും ഈ വീട് സന്ദര്‍ശിക്കാതെ പോയ സംഭവമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്യാംപ്രസാദിന്റെ വീട് ഇന്നലെ അദ്ദേഹം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മേഖലാ പ്രസിഡണ്ട് വി.വി.രാജന്‍, സംസ്ഥാന വക്താവ് പി.രഘുനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.