ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി

Monday 22 January 2018 11:12 pm IST

 

തലശ്ശേരി: ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കതിരൂര്‍ തരുവണത്തെരുവിലെ പി.പി.സനോജ് കുമാറാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കോഴിക്കോട് ഡിഎസ്‌സി ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി വൈകിട്ട് നാലരയോടെ തലശ്ശേരിയിലെത്തിച്ചു. 

തലശ്ശേരി ടൗണ്‍ഹാള്‍ പരിസരത്ത് വെച്ച് മൃതദേഹം തുറന്ന വാഹനത്തിലേക്ക് മാറ്റിയ ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി ജന്മനാടായ കതിരൂര്‍ തരുവണത്തെരു പാട്യം ഗോപാലന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചു. നൂറ് കണക്കിനാളുകള്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് എം.ഷീബ, വൈസ് പ്രസിഡന്റ് പി.പി.സനില്‍, ബിജെപി നേതാവ് പത്മിനി ടീച്ചര്‍, സിപിഐ നേതാക്കളായ പൊന്ന്യം കൃഷ്ണന്‍, എ.വാസു, സിപിഎം നതാക്കളായ എം.സുരേന്ദ്രന്‍, എം.സി. പവിത്രന്‍, കെ.ധനഞ്ജയന്‍, കെ.വി.പവിത്രന്‍, കുറ്റിച്ചി പ്രേമന്‍, സിഎംപി നേതാവ് പാട്യം രാജന്‍,  റവന്യൂ, എക്‌സൈസ്, പൊലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വ്യാപാരി, യുവജന സംഘടന പ്രതിനിധികള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാമേഖലയിലുളളവര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. പിന്നീട് ഓഡിറ്റോറിയത്തില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹം സമീപത്തെ വീട്ടിലെത്തിച്ചു. അല്‍പസമയം വീട്ടിനുളളില്‍ വെച്ചശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

കരസേനയില്‍ ഹരിയാന ഷിംല അതിര്‍ത്തിയില്‍ എഎസ്‌സി ബറ്റാലിയനില്‍ ജവാനായിരുന്നു. വെളളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പി.പി.വിജയന്‍-സത്യഭാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: നൈനിക, ദക്ഷിണ. സഹോദരങ്ങള്‍: സജിന്‍കുമാര്‍ (ഒമാന്‍), സജിത.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.