ഇന്ത്യ അവസരങ്ങളുടെ കലവറ: മോദി

Tuesday 23 January 2018 10:54 am IST

ദാവോസ്: ഇന്ത്യ അവസരങ്ങളുടെ കലവറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് മുന്നോടിയായി  വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള നിക്ഷേപകര്‍ക്കായി ഇന്ത്യയില്‍  അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സി.ഇ.ഒമാരെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് മോദി ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിശദമായി സംസാരിച്ചു. ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മോദി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രിമാരും മോദിയെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിക്കുന്ന ലോക സാമ്പത്തിക ഉച്ചകോടി അവസാനിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യപ്രഭാഷണത്തോടെയാണ്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗളോ ജെന്റിലോനി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍ തുടങ്ങി എഴുപതോളം രാജ്യത്തലവന്മാര്‍ യോഗത്തിനെത്തും.

സ്വകാര്യ മേഖലയെ പ്രതിനിധീകരിച്ച് 1,900 പേരും എന്‍.ജി.ഒകള്‍, സാമൂഹ്യ സംരംഭകര്‍, അക്കാഡമികള്‍, കല, തൊഴില്‍ സംഘടനകള്‍, മതവിശ്വാസ സംഘടനകള്‍, മാദ്ധ്യമങ്ങള്‍, എന്നിവയില്‍ നിന്ന് 900 പേരും യോഗത്തില്‍ സംബന്ധിക്കും. 40 വയസിന് താഴെയുള്ള 80 യുവ ഗ്ലോബല്‍ ലീഡര്‍മാരും 20 നും 30 നും ഇടയില്‍ പ്രായമുള്ള ഫോറം ഗ്ലോബല്‍ ഷാപര്‍ കമ്മ്യൂണിറ്റിയിലെ 50 അംഗങ്ങളും സമ്മേളനത്തിനെത്തുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജ്, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ്, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍, ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍, ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തുടങ്ങിയ വ്യവസായ  പ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.