ചൈനയെ ഇന്ത്യ മറികടക്കും

Wednesday 24 January 2018 2:50 am IST

വാഷിങ്ടണ്‍: ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്നും ചൈനയിലാകട്ടെ ഇത് 6.8 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു. 

നോട്ട് നിരോധനം, ചരക്ക് സേവന നികുതി എന്നിവ മൂലം പോയ വര്‍ഷം വളര്‍ച്ചയില്‍ വന്ന നേരിയ കുറവില്‍ നിന്ന് ഇന്ത്യ കരകയറുമെന്നും ഐഎംഎഫ് വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക യോഗത്തിന് മുന്നോടിയായി ഐഎംഎഫ് പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച ചൈനയെ മറികടക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

2019 ആകുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമാനമായി ഉയരും. ചൈനയുടെ വളര്‍ച്ച 6.4 ശതമാനമായിക്കുറയും. വളര്‍ച്ചയുടെ പാതയില്‍ കുതിപ്പ് തുടരുന്ന ഏഷ്യ 2017ലേതിന് സമാനമായി 2018-19ലും 6.5 ശതമാനം വളര്‍ച്ച കൈവരിക്കും. കഴിഞ്ഞ വര്‍ഷം വളര്‍ച്ചയില്‍ ഇന്ത്യയെക്കാള്‍ മുന്നിലായിരുന്നു ചൈന. ഇന്ത്യ 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ചൈന 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൈനയെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാക്കി മാറി. എന്നാല്‍ 2016ലാകട്ടെ 7.1 ശതമാനത്തോടെ ഈ സ്ഥാനം ഇന്ത്യക്ക് സ്വന്തമായിരുന്നു. 

നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പിലാക്കിയതിലൂടെ ഉണ്ടായ പ്രശ്‌നം ഇന്ത്യയെ അല്‍പം പിന്നോട്ടു വലിച്ചിരുന്നെങ്കിലും വരും വര്‍ഷം ചൈന മന്ദഗതിയില്‍ വളരുമ്പോള്‍ ഇന്ത്യ കുതിച്ച് മുന്നേറുമെന്നുമാണ് ഐഎംഎഫ് സൂചിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.