160 കി.മീ വേഗത്തില്‍ ട്രെയിന്‍ ഈ വര്‍ഷം ജൂണ്‍മുതല്‍

Tuesday 23 January 2018 11:45 am IST
ട്രെയിന്‍ 18 ഈ വര്‍ഷവും ട്രെയില്‍ 20 രണ്ട് വര്‍ഷത്തിനുള്ളിലും ഓടിത്തുടങ്ങും

ന്യൂദല്‍ഹി: പ്രത്യേക എഞ്ചിനില്ലാത്ത, മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തിലോടുന്ന ട്രെയിന്‍, ട്രെയിന്‍ 18 ജൂണില്‍ ഓടിത്തുടങ്ങും. 2020 -ല്‍ അടുത്ത ഘട്ടമായി ട്രെയിന്‍ 20 യും ഓടിക്കും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) അവസാന മിനുക്കുപണിയിലാണ് കോച്ചുകള്‍.

ഈ വര്‍ഷം ഇറക്കുന്നതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര്. ജൂണില്‍ ഓടിക്കാനുള്ള ഒരുക്കങ്ങളിലാണ്, ഐഎഫ്സി ജനറല്‍ മാനേജര്‍ സുധംശു മാനി പറഞ്ഞു. കോച്ച് പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ്. 160 കിലോ മീറ്റര്‍ വേഗതയില്‍ ഓടും. പ്രത്യേക എഞ്ചിന്‍ ഘടിപ്പിച്ച് ഓടിക്കുന്ന നിലവിലെ സംവിധാനത്തിനു പകരം ഓരോ കോച്ചിനടിയിലും ട്രാക്ഷന്‍ മോട്ടറുകള്‍ ഘടിപ്പിച്ച സംവിധാനമായിരിക്കും. യൂറോപ്പിലെ സാമാന ട്രെയിനുകളുടെ എല്ലാ സൗകര്യങ്ങളും ഉള്ളതായിരിക്കും.

ഡ്രൈവര്‍ ക്യാബിനുകള്‍ മുന്നിലും പിന്നിലുമുണ്ടാകും. ഏതു ദിശയിലേക്കും ഓടിക്കാം. ട്രാക്ഷന്‍ മോട്ടറുകളാണ് മറ്റുവണ്ടികളേക്കാര്‍ വേഗത്തില്‍ ഓടിക്കാന്‍ സഹായകമാകുന്നത്.    ശതാബ്ദി ട്രെയിനുകളിലെപ്പോലെ സെക്കന്‍ഡ് ക്ലാസും പ്രീമിയം ഫസ്റ്റ്ക്ലാസും ഉണ്ടാകും. ഓട്ടോമാറ്റിക് വാതില്‍, വൈഫൈ സംവിധാനം, വിനേദ സംവിധാനം തുടങ്ങിയവയുമുണ്ടാകും.

അടുത്ത ഘട്ടമായ ട്രെയിന്‍ 20 ഏറെ പ്രത്യേകതയുള്ളതാവും. ഉരുക്കിനു പകരം അലൂമിനിയമായിരിക്കും കോച്ചിനുപയോഗിക്കുക. അന്താരാഷ്ട്ര നിലവാരം ഇപ്പോള്‍ അതാണ്. ഇന്ത്യയില്‍ ആദ്യമായിരിക്കും. പുതിയ സംവിധാനം കാഴ്ചയ്ക്കും ഉപയോഗത്തിനും കൂടുതല്‍ മികച്ചതാകും. ട്രെയിന്‍ 20യുടെ ഡിസൈന്‍ കോണ്‍ട്രാക്ടിന് ജപ്പാന്‍, ചൈന, യൂറോപ്യന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. 24 പുതിയ ട്രെയിനുകള്‍ ഈ ഇനത്തില്‍ പുറത്തിറക്കും. 

ആറുകോടിയോളമാകും ഓരോ കോച്ചിന്റെയും ചെലവ്. പക്ഷേ, നിലവിലെ ട്രെയിനുകളേക്കാള്‍ കൂടുതല്‍ ക്ഷമതയും ശേഷിയും പുതിയവയ്ക്കുണ്ടാകും. അതിവേഗം ഉപയോക്താക്കള്‍ക്ക് സമയവും റെയില്‍വേയ്ക്ക് പണവും ലാഭിക്കാം.

പുതിയ ട്രെയിന്‍ 18, ട്രെയിന്‍ 20 ദൗത്യങ്ങള്‍ ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും പഴയ കോച്ച് ഫാക്ടറി പ്രാഗത്ഭ്യവും മികവും തെളിയിച്ചിരിക്കുന്നു. നിലവിലെ വര്‍ഷം 2250 കോച്ചുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷ്യം 2750 ആക്കാന്‍ തത്ത്വത്തില്‍ അംഗീകാരമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.