പട്ടാഴി വടക്കേക്കര സമ്പൂര്‍ണകുടിവെള്ളപദ്ധതിയിലേക്ക്; ട്രയല്‍ റണ്‍ നടത്തി

Tuesday 23 January 2018 11:57 am IST

 ചെളിക്കുഴിക്കും കടുവാത്തോടിനും കിഴക്കോട്ടുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. പട്ടാഴി, തലവൂര്‍, മൈലം, പട്ടാഴി വടക്കേക്കര പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹദ് പദ്ധതിയാണ് പൂക്കുന്നിമല കുടിവെള്ള പദ്ധതി. കല്ലടയാറ്റില്‍നിന്ന് ശേഖരിക്കുന്ന ജലം പട്ടാഴി പൂക്കുന്നിമലയിലെ പ്ലാന്റില്‍ ശുദ്ധീകരിച്ച് കൂറ്റന്‍ടാങ്കുകളില്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിന്റെ രണ്ടാംഘട്ടമാണ് പട്ടാഴി വടക്കേക്കരയില്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട പട്ടാഴി, തലവൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം രണ്ടുവര്‍ഷംമുന്‍പേ ആരംഭിച്ചിരുന്നു. പട്ടാഴി വടക്കേക്കരയിലെ കടുവാത്തോട്ടില്‍ ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണിയും പമ്പ്ഹൗസും വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ചിരുന്നു. പൂക്കുന്നിമലയില്‍നിന്ന് ജലം ഗ്രാവിറ്റി ഫോഴ്‌സില്‍ ഈ ടാങ്കില്‍ എത്തും. മണമ്പുവിളയില്‍ സ്ഥാപിച്ച രണ്ടരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്ക് ഇവിടെനിന്ന് ജലം പമ്പ് ചെയ്യും. അവിടെനിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. ഇതിനാവശ്യമായ പൈപ്പുകള്‍ എല്ലായിടത്തും ഇട്ടിട്ടുണ്ട്. 32 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിച്ചു.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂക്കുന്നിമലയിലെ കുടിവെള്ളം പട്ടാഴി വടക്കേക്കരയില്‍ വിതരണം ചെയ്യുന്നത്. ടാങ്കുകളും അനുബന്ധകാര്യങ്ങളും നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. മോട്ടോര്‍ സ്ഥാപിക്കുന്നത് നൂലാമാലകളില്‍പ്പെട്ട് നീണ്ടതാണ് പദ്ധതി വൈകാന്‍ കാരണം. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലും പദ്ധതിയില്‍നിന്നുള്ള കുടിവെള്ളം എത്തേണ്ടതുണ്ട്. കടുവാത്തോട് പമ്പുഹൗസില്‍ പരീക്ഷണ നടത്തിപ്പ് ഉദ്ഘാടനം കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ആനന്ദരാജന്‍, വൈസ് പ്രസിഡന്റ് വി.പി.രമാദേവി, വാര്‍ഡ് മെമ്പര്‍ അഭിലാഷ്, ജല അതോറിറ്റി ഉദ്യോഗസ്ഥരായ സജുവര്‍ഗീസ്, സജിത, മനീഷ്, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.