ദേശീയ പതാക ഉയര്‍ത്താന്‍ വ്യവസ്ഥകളുമായി സംസ്ഥാന സര്‍ക്കാര്‍

Tuesday 23 January 2018 12:47 pm IST

തിരുവനന്തപുരം : റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വ്യവസ്ഥകളുമായി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സ്ഥാപനമേധാവികള്‍ക്ക് മാത്രമേ ദേശീയ പതാക ഉയര്‍ത്താനാവുകയുള്ളൂവെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌ക്കൂളില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സര്‍സംഘ ചാലക് ഡോ.മോഹന്‍ഭാഗവത് പതാക ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ മാസം 26 ന് നടക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തില്‍ പങ്കെടുക്കാനാണ് സര്‍സംഘ ചാലക് എത്തുന്നത്.

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വാര്‍ഷിക സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ മാസം 26 മുതല്‍ 28 വരെ പ്രാന്തീയ മണ്ഡല്‍ ഉപരി കാര്യകര്‍തൃ ശിബിരം നടക്കുന്നത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ സര്‍സംഘചാലക്, അവിടെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്നത് പതിവാണെന്നും ഇത്തവണയും ആ രീതിക്ക് മാറ്റമുണ്ടാകില്ലെന്നും ആര്‍എസ്എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 1600 മണ്ഡലങ്ങളില്‍ നിന്നായി 7000 പ്രവര്‍ത്തകര്‍ ശിബിരത്തില്‍ പങ്കെടുക്കും. അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് മുകുന്ദ , സഹസേവാ പ്രമുഖ് ഗുണവന്ത്‌സിംഗ് കോഠാരി, ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ .വന്നിയരാജന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ പങ്കെടുക്കും .

27 ന് വൈകിട്ട് പഥസഞ്ചലനം നടക്കും . 28 ണ് വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.