പദ്മാവത്: നിരോധമില്ലെന്ന് വീണ്ടും സുപ്രീം കോടതി

Tuesday 23 January 2018 1:04 pm IST

ന്യൂദല്‍ഹി: വിവാദ ഹിന്ദി സിനിമ പദ്മാവത് നിരോധിച്ചത് റദ്ദാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 

കോടതി ഉത്തരവ് നടപ്പാക്കുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയും കോടതി ഉത്തരവും സിനിമക്കുണ്ടെന്ന് സര്‍ക്കാരുകളും ജനങ്ങളും മനസിലാക്കണം.

താല്‍പര്യമില്ലാത്തവര്‍ കാണണ്ട. പക്ഷെ പ്രദര്‍ശനം തടയാനാകില്ല. സംസ്ഥാനങ്ങള്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 24ന് പുറത്തിറങ്ങുന്ന സിനിമക്കെതിരെ പ്രക്ഷോഭരംഗത്തുള്ള രജപുത്ര സംഘടന കര്‍ണിസേനയും ഹര്‍ജി നല്‍കിയിരുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജസ്ഥാനും മധ്യപ്രദേശിനും പുറമെ ഗുജറാത്തും ഹരിയാനയും സിനിമ നിരോധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നിരോധനം സുപ്രീം കോടതി നീക്കി. ഇതിനെതിരെയാണ് സംസ്ഥാനങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

റിലീസിന് മുന്‍പ് സിനിമ കാണണമെന്ന സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അഭ്യര്‍ത്ഥന കര്‍ണിസേന സ്വാഗതം ചെയ്തിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിഷേധം കഴിഞ്ഞ ദിവസം അക്രമാസക്തമായി. ഇവിടെ ഭൂരിഭാഗം തീയറ്ററുകളും സ്വമേധയാ പിന്മാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.