പിണറായി പ്രതിയോ? ജയരാജന്‍ മിണ്ടുന്നില്ല 'വരമ്പത്ത് കൂലി പ്രസംഗം' നിഷേധിക്കുന്നുമില്ല

Tuesday 23 January 2018 1:35 pm IST

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസില്‍ പിണറായി വിജയന് പങ്കില്ലെന്നോ വിജയന്‍ പ്രതിയല്ലെന്നോ പറയാന്‍ കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറി പി. ജയരാജന്‍ തയ്യാറല്ല. അരമണിക്കൂര്‍ 'ജനം ടിവി'യോട് സംസാരിച്ച ജയരാജന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഈ ചോദ്യത്തില്‍നിന്ന് വഴുതിമാറി. സംഭവം അന്വേഷിച്ച് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ കോടതി വിധി പറഞ്ഞതാണെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. വാടിക്കല്‍ രാമകൃഷ്ണനെ സിപിഎം കൊലപ്പെടുത്തിയത് കോടിയേരിയെ ആക്രമിച്ചതിന് പകരമായി 'വരമ്പത്തു നല്‍കിയ കൂലിയാണെ'ന്ന പ്രസംഗം നിഷേധിക്കാനും തയ്യാറായില്ല.

ആവര്‍ത്തിച്ച് ചോദിച്ചിട്ടും തന്റെ പ്രസംഗത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിഷേധിച്ചില്ല. കോടിയേരി ബാലകൃഷ്ണനെ തലശ്ശേരിയില്‍ ആക്രമിച്ചതിന് 10 മിനിട്ട് കഴിഞ്ഞാണ് വാടിക്കല്‍ രാമകൃഷ്ണന്‍ ആക്രമിക്കപ്പെട്ടതെന്നും പരിക്കേറ്റ് പിന്നീട് മരിച്ചതെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. 

സുബഹ് എന്ന മുന്‍ ആര്‍എസ്എസ് മുഴുസമയ പ്രവര്‍ത്തകനെ സിപിഎമ്മിലേക്ക് സ്വീകരിച്ച യോഗത്തിലാണ് പി. ജയരാജന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകം സിപിഎമ്മാണ് നടത്തിയതെന്ന് പ്രസ്താവിച്ചത്. പരസ്യ പ്രസ്താവന വിവാദമായപ്പോള്‍, കിട്ടിയ അവസരത്തില്‍ അത് നിഷേധിക്കാനോ താന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് തിരുത്താനോ ജയരാജന്‍ തയാറായില്ല. മാത്രമല്ല, മാതൃഭൂമി പത്രത്തില്‍ അന്ന് വന്ന വാര്‍ത്ത വായിക്കുകയാണ് താന്‍ ചെയ്തതെന്ന് ന്യായീകരിക്കുകയും ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കേസില്‍ ഒന്നാം പ്രതിയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കോടതി രേഖകള്‍ ഉള്‍പ്പെടെ പുറത്തുവരികയും ദൃക്‌സാക്ഷികള്‍ സംഭവം വിവരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതിയായ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് ജയരാജന്റെ വെളിപ്പെടുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.