ഉജ്ജ്വലബാല്യം പുരസ്‌കാരം നിഹാരിക എസ് മോഹന്

Tuesday 23 January 2018 3:07 pm IST

 

കണ്ണൂര്‍: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പ്രഥമ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും നിഹാരിക എസ് മോഹന്‍ അര്‍ഹയായി. 18 വയസില്‍ താഴെ പ്രായമായ വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച കുട്ടികള്‍ക്കായി ഈ വര്‍ഷം മുതല്‍ വനിതാ-ശിശുവികസന വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണ് ഉജ്ജ്വലബാല്യം. ജില്ലയില്‍ നിന്നും ലഭിച്ച 19 അപേക്ഷകളില്‍ നിന്നും എഡിഎം അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

മലാല യൂസഫ് സായിയുടെ ജീവിതം സംബന്ധിച്ച ഏകാംഗ നാടകം ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചതിലൂടെ കലയിലൂടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവകാശങ്ങളെ പറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് നിഹാരികയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത്, കേരള നടനം, ഓട്ടന്‍തുള്ളല്‍, മോണോ ആക്ട്, കഥകളി, നാടകം, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. രാഷ്ട്രപതിയുടെ ബാലശ്രീ അവാര്‍ഡിനായി കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2018 നോടനുബന്ധിച്ച് 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം മന്ത്രി കെ.കെ.ശൈലജ നിഹാരികയ്ക്ക് സമ്മാനിച്ചു. ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നിഹാരിക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.