മൂഴിക്കരയിലെ ദുരൂഹ മരണം ആത്മഹത്യയെന്ന്

Tuesday 23 January 2018 3:11 pm IST

 

തലശ്ശേരി: കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കോപ്പാലം മൂഴിക്കരയില്‍ കഴുത്തില്‍ നൈലോണ്‍ കയര്‍മുറുക്കി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമല്ലെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ട്. 

മദ്യത്തിന് അടിമയായി വീടും കുടുംബവും നഷ്ടപ്പെട്ട് തെരുവധാരമായ ഒരാള്‍ പ്രത്യേക മാനസിക അവസ്ഥയില്‍ നടത്തിയ ആത്മഹത്യയാണിതെന്ന് ജഡത്തിന്റെ കഴുത്തിലെ മുറിവുകളും മറ്റ് സാഹചര്യത്തെളിവുകളും ഉദ്ധരിച്ച് സര്‍ജന്‍ പോലീസിനോട് വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് മൃതദേഹം കാണപ്പെട്ട സ്ഥലം ഡോ.ഗോപാലകൃഷ്ണപിള്ള സന്ദര്‍ശിച്ചിരുന്നു. ഏറണാകുളം ചെറായി ബീച്ചിനടുത്ത പുത്തന്‍വീട്ടില്‍ കോമളന്റെ മകന്‍ പി.കെ.ബിജു (48)വിന്റെ ജഡമാണ് കഴിഞ്ഞ ആഴ്ച മൂഴിക്കര പോസ്റ്റാഫീസ് പരിസരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനടുത്ത് ദൂരൂഹ നിലയില്‍ കാണപ്പെട്ടത്. മരണം കൊലയാണെന്ന് പ്രചരിച്ചതോടെ ഇയാളുടെ കൂടെ മദ്യപിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ ന്യുമാഹി പോലീസ് പിടികൂടി. ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ച് ചോദ്യം ചെയ്തിട്ടും കേസന്വേഷണത്തിന് സഹായിക്കുന്ന ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ഫോറന്‍സിക് സര്‍ജന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത്. പാര്‍ഷ്യല്‍ സൂയിസൈഡ് എന്ന അപൂര്‍വ്വ മനോനിലയിലാണ് ഇത്തരം വ്യക്തികള്‍ മരണത്തെ സ്വയം വരിക്കുന്നതത്രെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.