റോഡ് തകര്‍ച്ചക്കെതിരെ ഒറ്റയാള്‍ പോരാട്ടം

Tuesday 23 January 2018 4:17 pm IST

 

ഇരിട്ടി: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ റോഡില്‍ കിടന്നുകൊണ്ട് ഒറ്റയാള്‍ പോരാട്ടം. റോഡില്‍ ചാക്ക് വിരിച്ച് അതില്‍ നിവര്‍ന്നു കിടന്നുകൊണ്ടാണ് കൃഷ്ണന്‍ മൊറാശ്ശേരി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 

തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു കൃഷ്ണന്റെ പ്രതിഷേധം അരങ്ങേറിയത്. കാലാകാലമായി സിപിഎം മൃഗീയഭൂരിപക്ഷത്തോടെ ഭരിക്കുന്ന പായം പഞ്ചായത്തിലെ കരിയാല്‍ പായം റോഡിന്റെ ശോച്യാവസ്ഥക്കെതിരെയായിരുന്നു കൃഷ്ണന്റെ ഒറ്റയാള്‍ പ്രതിഷേധം. 

വര്‍ഷങ്ങളായി താത്കാലിക അറ്റകുറ്റപ്പണികള്‍ പോലും നടത്താത്ത റോഡിലൂടെയുള്ള യാത്ര ഒരു സാഹസമായി മാറിയിരിക്കയാണ് നാട്ടുകാര്‍ക്ക്. എന്നാല്‍ ഒരു സിപിഎം അധിനിവേശ പ്രദേശം എന്ന നിലയില്‍ അറിയപ്പെടുന്ന പായം മേഖലയില്‍ ഉള്ളവര്‍ ആരുംതന്നെ ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നിട്ടിറങ്ങാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധം ഉള്ളില്‍ പേറി തളര്‍ന്ന കൃഷ്ണന്‍ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ ഇറങ്ങി പുറപ്പെട്ടത്. റോഡിനു നടുവില്‍ ചാക്ക് വിരിച്ച് കൃഷണ അതില്‍ പൊരിവെയിലത്ത് നീണ്ടു നിവര്‍ന്നു കിടക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി വന്ന ഒരു കെഎസ്ആര്‍ടിസി ബസ്സും ഒരു സ്വകാര്യബസ്സും ഇതോടെ വഴിയില്‍ കുടുങ്ങി. പ്രതിഷേധം അരമണിക്കൂര്‍ പിന്നിട്ടതോടെ നാട്ടുകാര്‍ ഇടപെട്ടു ഇയാളെ പിന്തിരിപ്പിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. 

പായം പഞ്ചായത്തില്‍ പായം മേഖലയിലെ മിക്കവാറും എല്ലാ റോഡുകളും തകര്‍ന്നു കിടക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ടെങ്കിലും ഒരു കക്ഷിയും ഇതിനെതിരെ ശബ്ദിക്കാന്‍ മുന്നോട്ട് വരുന്നില്ല. ഏറെയും സിപിഎം മേഖലകളാണ് എന്നതു കൊണ്ടുതന്നെ സ്വന്തം ഭരണകൂടത്തിനെതിരെ സമരം ചെയ്യേണ്ടി വരും എന്നതാണ് ഇടതുകക്ഷികളെ പ്രയാസപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് പായം കരിയാല്‍ റോഡ് റീ ടാറിങ്ങിനായി 45 ലക്ഷം രൂപ അനുവദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ടെണ്ടര്‍ നടപടികളൊന്നും പൂര്‍ത്തിയാക്കാനായിട്ടില്ല എന്നാണ് അറിയുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.