ഇവിടെ ഒരു മന്ദിരമുണ്ടായിരുന്നു..

Wednesday 24 January 2018 2:00 am IST

 

 

കാട്ടാക്കട: കാടുമൂടിയ ഈ ഭൂമിയില്‍ പണ്ടൊരു മന്ദിരമുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ഒരു കമ്യൂണിറ്റിഹാള്‍. പൂവച്ചല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ കൂറ്റന്‍ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. പുതിയത് പണിയാന്‍ നടപടിയില്ല. പഞ്ചായത്തിന് പൊതുചടങ്ങുകള്‍ നടത്താനും പാവങ്ങള്‍ക്ക് കുറഞ്ഞചെലവില്‍ വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്താനും കേന്ദ്രമില്ലാതെ വലയുമ്പോഴാണ് ഉള്ളത് തകര്‍ത്തിട്ട് അധികൃതര്‍ വെറുതെ ഇരിക്കുന്നത്. പൊളിക്കലിനുശേഷം അവശേഷിച്ച അടിത്തറ ഉള്‍പ്പെടെ ഇപ്പോള്‍ കാട് മൂടിയ നിലയിലും.

കാട്ടാക്കട-കോട്ടൂര്‍ റോഡിനോട് ചേര്‍ന്ന് പഞ്ചായത്തോഫീസിന് എതിര്‍വശത്തായാണ് കെട്ടിടമുണ്ടായിരുന്നത്. നിര്‍മാണത്തിലെ അപാകതകാരണം വര്‍ഷങ്ങളായി ചെറിയചടങ്ങുകള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന കെട്ടിടം നോക്കുകുത്തിയായതോടെയാണ് പുതിയത് പണിയാനായി കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി സ്പീക്കറും സ്ഥലം എംഎല്‍എയുമായിരുന്ന ജി. കാര്‍ത്തികേയന്‍ ഒരുകോടി ആദ്യഘട്ടമായി അനുവദിച്ചു. 2015-ല്‍ കരാര്‍നല്‍കി കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. കരാറേറ്റെടുത്തവര്‍ വിലപിടിപ്പുള്ള സാധങ്ങളൊക്കെ മാറ്റികഴിഞ്ഞപ്പോള്‍ കെട്ടിടംപൊളിക്കുന്ന സാധങ്ങള്‍കയറ്റിയ ലോറി കൊണ്ടുപോകുന്ന വഴിയെച്ചൊല്ലി സമീപത്തെ സഹകരണസംഘവുമായി തര്‍ക്കമുയര്‍ന്നു. ഇതോടെ അടിത്തറ ഉള്‍പ്പെടെയുള്ളവയുടെ പൊളിക്കല്‍ തടസപ്പെട്ടു. തുടര്‍ന്നാണ് കെട്ടിടംപണി പാതിവഴിയില്‍ നിലച്ചത്. ഇതോടെ അനുവദിച്ചുകിട്ടിയ ഫണ്ടും ലാപ്‌സായി.

പൊളിക്കുന്നതിനു മുമ്പ് പഴയ കെട്ടിടത്തില്‍ മുന്‍ ഭരണസമിതികള്‍ വാങ്ങി സൂക്ഷിച്ചിരുന്ന കസേരകള്‍, മേശകള്‍, പാത്രങ്ങള്‍, ജനറേറ്റര്‍ തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങളും നേരത്തെ തന്നെ ഇവിടെ നിന്ന് മോഷണം പോയിരുന്നു. ഇനി പുതിയകെട്ടിടം വന്നാലും ഇവയൊക്കെ വീണ്ടും വാങ്ങേണ്ട സ്ഥിതിയിലാണ്. കൂടാതെ രേഖകളില്‍ 40 സെന്റോളമുള്ള ഭൂമിയില്‍ കൈയേറ്റം കാരണം ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 27 സെന്റ് മാത്രമാണ്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ എല്‍ഡിഎഫ് ആണിപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്.   

പഞ്ചായത്തിലെ പൊതുആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാനായി പുതിയ കെട്ടിടസമുച്ചയം പണിയാന്‍ തീരുമാനിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സാമൂഹ്യകേന്ദ്രം, ഓഫീസ്‌സമുച്ചയം, കോണ്‍ഫറന്‍സ്ഹാള്‍, കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യസമുച്ചയം പണിയാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കാനായി 10ലക്ഷംരൂപ 2017ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു. അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടമായി കെട്ടിടം പൂര്‍ത്തിയാക്കാനാണ് തീരുമാനമത്രെ. എന്നാല്‍ നടപടി വൈകുന്നത് പദ്ധതിയെ തുരങ്കം വയ്ക്കാനാണെന്ന് ആക്ഷേപമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.