ജനങ്ങളുടെ കാത്തിരിപ്പിന് രണ്ടു പതിറ്റാണ്ട്

Tuesday 23 January 2018 2:17 am IST

നെല്ലിയാമ്പതി,തെന്മല,കൊല്ലങ്കോട്,എലവഞ്ചേരി,പല്ലശ്ശന,വടവന്നൂര്‍,പട്ടഞ്ചേരി,കൊടുവായൂര്‍,പുതുനഗരം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ കാത്തിരിപ്പാണ് രണ്ടു പതിറ്റാണ്ടായി നീളുന്നത്.

 കൊല്ലങ്കോട് ഫയര്‍ അന്റ് റെസ്‌ക്യൂ സേനയും ഓഫീസും വേണമെന്നതാണ് ഇവരുടെ ആവശ്യം.ബന്ധപ്പെട്ട വകുപ്പുകളുടെ കണ്ണു തുറക്കാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.വേനലിന്റെ കാഠിന്യം കൂടുന്നതോടെ ഈ പ്രദേശങ്ങളില്‍ അഗ്നിബാധ വര്‍ദ്ധിക്കാറുണ്ട്.മാത്രമല്ല മീങ്കര,ചുള്ളിയാര്‍,പോത്തുണ്ടി എന്നീ മൂന്ന് ഡാമുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ഡാമുകളില്‍ അപകടത്തില്‍ പെടുന്നവരെയും രക്ഷിക്കാന്‍ ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് വേണം ഉദ്യോഗസ്ഥരെത്താന്‍.ഉത്സവ സീസണ്‍ തുടങ്ങിയാല്‍ സുരക്ഷയുടെ ഭാഗമായി ഒരു യൂണിറ്റ് സര്‍വീസ് വേണമെന്നിരിക്കെ കൊല്ലങ്കോട് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ ആവശ്യകത ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

 പത്ത് വര്‍ഷം മുമ്പ് സര്‍ക്കാരിന് രേഖാമൂലം പരാതിയും,അന്നത്തെഎംഎല്‍എ നിയമസഭയില്‍ വിഷയം അവതരിപ്പിച്ചതുമാണ്.എന്നാല്‍ ഫയലുകള്‍ ഇപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.സ്ഥലം കണ്ടെത്തുന്ന മുറയ്ക്കും കെട്ടിടം പണി പൂര്‍ത്തീകരിക്കുന്ന മുറയ്ക്കും അഗ്‌നിശമന സേന വിഭാഗത്തിന്റെ യൂണിറ്റ് അനുവദിക്കാവുന്നതാണെന്നാണ് ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള മറുപടി. 

 കൊല്ലങ്കോട് സബ്ബ് ട്രഷറി ഭാഗത്തായുള്ള സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിനെ കൈമാറുകയോ അല്ലാത്തപക്ഷം ജില്ലാ ഭരണ തലവന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥലം അനുവദിച്ച് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടിടം പൂര്‍ത്തീകരിക്കാവുന്നതാണ്.ഒരു ദുരന്തത്തിനെ സാക്ഷ്യം വഹിച്ച ശേഷം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനു വേണ്ടി ചര്‍ച്ചകള്‍ തുടങ്ങുന്നതിനേക്കാള്‍ നല്ലത് മുന്‍കരുതലായി ഇവിടെയൊരു യൂണിറ്റ് സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവിശ്യം. 

 കത്തുന്ന വേനല്‍ ചൂടില്‍ അഗ്‌നിബാധ തടയുന്നതിനും അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ അടിക്കടിയുണ്ടാകുന്ന വാഹന അപകടങ്ങള്‍ക്കും പാതയ്ക്ക് കുറുകെ മരങ്ങള്‍ വീണ് അപകമുണ്ടാകുമ്പോഴും കൊല്ലങ്കോട് ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റിന്റ് ആവശ്യകത ഏറിവരുകയാണ്.കൊല്ലങ്കോട് ഫയര്‍‌സ്റ്റേഷന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.