ഓഖിയില്‍ നിന്നു കരകയറിയ ചിരി മായുംമുന്നേ രാജുമോന്റെ ജീവന്‍ കടല്‍ കവര്‍ന്നു

Wednesday 24 January 2018 2:00 am IST

 

പൂവാര്‍: ഓഖി ചുഴലിക്കാറ്റില്‍ നിന്ന് കരകയറിയ യുവാവിന്റെ ജീവന്‍ കടല്‍ കവര്‍ന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ മരിച്ച പൂവാര്‍ മാരുംകുളം കൊച്ചുതുറ അടുംബ്ബ് തെക്കേക്കര വീട്ടില്‍ രാജുമോന്‍ (40) ഓഖി ചുഴലിക്കാറ്റില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട ആളാണ്.

ഓഖി വിതച്ച നാശത്തിനുപുറകെ കുടുംബം പട്ടിണിയില്‍ അകപ്പെടാതിരിക്കാനാണ് ജനുവരി 10ന് ജോലി തേടി രാജുമോന്‍ മഹാരാഷ്ട്രയിലേക്ക് പോയത്. അവിടെ തമിഴ്‌നാട് സ്വദേശിയുടെ ബോട്ടില്‍ കടലിലേക്ക് പോയി. മത്സ്യബന്ധനത്തിന്റെ ഇടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. രാജുമോനെ രക്ഷപ്പെടുത്താന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചല്ല. ഒപ്പമുണ്ടായിരുന്നവര്‍ ബോട്ടില്‍ ഉണ്ടായിരുന്ന ഐസ് കൊണ്ട് മൃതദേഹം പൊതിഞ്ഞ് കടല്‍മാര്‍ഗം നാട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങി. എത്തിച്ചേരാന്‍ ഒരാഴ്ചയിലധികം വേണ്ടിവരുമെന്നതിനാല്‍ മൃതദേഹം കേടുവരും എന്നുള്ളത് കൊണ്ട് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കള്‍ മന്ത്രി, കളക്ടര്‍ എന്നിവരോട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായംതേടി. എന്നാല്‍ ഒരു സഹായവും ലഭിച്ചില്ല. സര്‍ക്കാര്‍ നടപടി വൈകിയതില്‍ പ്രകോപിതരായ മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച്ച വിഴിഞ്ഞം-പൂവാര്‍ റോഡ് ഉപരോധിച്ചു 10 മണിക്കൂറോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് റോഡുമാര്‍ഗം ആംബുലന്‍സില്‍ പൂവാറില്‍ എത്തിക്കും എന്ന് തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രിയോടെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ എത്തിച്ച മൃതദേഹം ഇന്നലെ രാവിലെയോടെ പരിശോധിച്ചശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ ഇന്നലെ വൈകിട്ടോടെ നാട്ടിലേക്ക് തിരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.