പ്രവര്‍ത്തന രഹിതമായ ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചതില്‍ പ്രതിഷേധം

Tuesday 23 January 2018 6:15 pm IST

 

തലശ്ശേരി: കേടായ ഫ്രീസറില്‍ മണിക്കൂറുകളോളം മൃതദേഹം സൂക്ഷിക്കുകയും ഒടുവില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോയ്‌ക്കൊള്ളാന്‍ നിര്‍ദ്ദേശവും. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതല്‍ രാത്രി വരെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് പ്രതിഷേധാര്‍ഹവും ഉത്തരവാദിത്വരഹിതവുമായ ക്രൂരത അരങ്ങേറിയത്. എടക്കാട് പോലീസ് പരിധിയിലെ അഡൂര്‍ പാലത്തിനടുത്ത് തീക്കൊളുത്തി മരിച്ച ശിവശക്തിയില്‍ വത്സലന്റെ (56) മൃതദേഹവുമായാണ് ജില്ലാ ആശുപത്രി അധികൃതര്‍ പരീക്ഷണനാടകം കളിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

തിങ്കളാഴ്ച ഉച്ചക്ക് 3 മണിയോടെ വീട്ടിനകത്ത് വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വത്സലനെ അതീവ ഗുരുതരനിലയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണപ്പെട്ടു. അനന്തര നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പൊള്ളലേറ്റ് വികൃതമായതിനാല്‍ ഫ്രീസറിലാണ് സൂക്ഷിച്ചത്. നേരത്തെ തകരാറിലായ ഫ്രീസര്‍ ശരിയാക്കിയിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇവര്‍ക്ക് തന്നെ ബോധ്യപ്പെട്ടതോടെ മൃതദേഹം പുറത്തേക്കെടുത്തു. പിന്നെ തകരാര്‍ പരിഹരിച്ചു വീണ്ടും വച്ചുവെങ്കിലും പ്രവര്‍ത്തിച്ചില്ല. ഫ്രിസറില്‍ വയ്ക്കലും പുറത്തെടുക്കലും അവര്‍ത്തിച്ചതോടെ മണിക്കൂറുകള്‍ കടന്ന് പോയി. സഹികെട്ട ബന്ധുക്കള്‍ രോഷാകുലരായി പ്രതിഷേധിച്ചതോടെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം.ഗത്യന്തരമില്ലാതെ രാത്രി വൈകി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഇന്നലെ രാവിലെ എടക്കാട് എസ്‌ഐ പുരുഷോത്തമന്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.